Skip to main content

അഴിമതിരഹിത ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പി. സദാശിവം. ഇതിന്റെ ഫലങ്ങള്‍ ഉടനെ ദൃശ്യമാകുമെന്നും പതിനാലാം നിയമസഭയില്‍ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നും ദുര്‍ബല വിഭാഗങ്ങളുടെ പരാതികള്‍ക്ക്  പരിഹാരം കാണുമെന്നും സംസ്ഥാനത്തെ പട്ടിണിമുക്തമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

 

കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ 15 ലക്ഷം തൊഴിലവസരങ്ങളും, ഐ.ടി മേഖലയില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഒപ്പം, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രഖ്യാപനമുണ്ട്. പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുമെന്നും നയപ്രഖ്യാപനം പറയുന്നു.

 

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് പോലും ഫണ്ടില്ലാത്തത് തിരിച്ചടിയാണെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. സാമ്പത്തിക അച്ചടക്കത്തിനും റവന്യൂ വരുമാനം കൂട്ടാനും നികുതിപിരിവ് കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കുമെന്ന്‍ നയപ്രഖ്യാപനം വ്യക്തമാക്കുന്നു.

 

ജൂലൈ എട്ടിനാണ് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിനൊപ്പം ഒക്‌ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കും. റംസാനും പെരുന്നാളുമായതിനാല്‍ ജൂലൈ ഒന്നു മുതല്‍ ഏഴുവരെ നിയസഭ ചേരില്ല.

 

പതിനൊന്ന് ദിവസം നീളുന്ന നിയസഭാ സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പും നടക്കും. സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച ധവളപത്രവും സമ്മേളനത്തില്‍ അവതരിപ്പിക്കും.