Skip to main content
തിരുവനന്തപുരം

kerala assemblyസംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ബുധനാഴ്ച ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോക്ക് നടത്തി.

 

സംസ്ഥാനത്ത് ഡോക്ടര്‍മാരും മരുന്നും ഇല്ലാത്ത അവസ്ഥയാണെന്നും ആരോഗ്യമന്ത്രി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച പ്രതിപക്ഷ എം.എല്‍.എ മുല്ലക്കര രത്നാകരന്‍ കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് ഐ.സി.യുവിലാണെന്ന് മുല്ലക്കര കളിയാക്കി.

 

പകര്‍ച്ചപ്പനി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ സഭയെ അറിയിച്ചു. മാരക പനികള്‍ 24 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായും മരണനിരക്കിലും കുറവുണ്ടായതായും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പില്‍ 1902 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.