Skip to main content
തിരുവനന്തപുരം

forest fire- wayanad

 

വയനാട്ടിൽ കഴിഞ്ഞ മാസം പടര്‍ന്ന കാട്ടുതീ മനുഷ്യസൃഷ്ടിയെന്ന്‍ വനം വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും അഡീഷണല്‍ സി.സി.എഫ് സി.എസ് യാലക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. വനം-വന്യജീവി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു വനം വിജിലന്‍സിന്റെ അന്വേഷണം.

 

മാർച്ച് 15 മുതല്‍ 20 വരെയാണ് വയനാട്ടില്‍ കാട്ടുതീ പടര്‍ന്നത്. 417.83 ഹെക്ടര്‍ വനഭൂമിയാണ് കത്തി നശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെടുന്ന തോല്‍പ്പെട്ടി റേഞ്ചിലെ കൊട്ടിയൂര്‍, തൊണ്ടകാപ്പ് ആദിവാസി സെറ്റില്‍മെന്റിന് സമീപത്ത് നിന്ന് ആരംഭിച്ച കാട്ടുതീ വടക്കന്‍ വയനാട്  ഡിവിഷനിലെ ബേഗൂര്‍ റേഞ്ച് വരെ പടർന്നിരുന്നു.

 

സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വനം വകുപ്പിന് പരിമിതികള്‍ ഉള്ളതിനാലാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടിൽ ശുപാ‍ർശ ചെയ്തിരിക്കുന്നത്.

 

കാട്ടുതീയില്‍ ആദിവാസികളുടെ സ്വത്തുവകകള്‍ക്ക് നാശമുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മലയണ്ണാനൊഴികെ മറ്റു വന്യ ജീവികള്‍ക്കും ആപത്തുണ്ടായതായി തെളിവില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

 

അതേസമയം, കുറ്റിക്കാടുകളും പുല്‍പ്പരപ്പുകളും പൂര്‍ണ്ണമായി കത്തി നശിച്ചതായും പതിനെട്ടു ഇനത്തിൽ പെട്ട വൃക്ഷങ്ങൾ നശിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.  മഴക്കാലം കഴിഞ്ഞ ശേഷം വീണ്ടും പരിശോധന നടത്തിയാൽ മാത്രമെ നാശനഷ്ടങ്ങളെ കുറിച്ച് പൂര്‍ണ്ണമായും മനസിലാക്കാനാവൂ.

 

കാട്ടുതീ തടയുന്നതിന് കൂടുതല്‍ ജീവനക്കാരെ വയനാട് റേഞ്ചില്‍ നിയമിക്കണമെന്നും ഫയര്‍ പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.