Skip to main content
തിരുവനന്തപുരം

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ മുന്നണി എല്‍.ഡി.എഫ് നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം.

 

സോളാര്‍ വിഷയം എങ്ങനെയാണു മുന്നോട്ടു പോകുന്നതെന്നു നോക്കിയ ശേഷമാകും ഇനി സമരങ്ങളെന്നും പ്രത്യക്ഷ സമരങ്ങളാണു നിര്‍ത്തിവയ്‌ക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ഇപ്പോള്‍ നടത്തുന്ന ഉപരോധം തീരുമാനത്തെ തുടര്‍ന്ന്‍ അവസാനിപ്പിച്ചു. 140 മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ 140 ദിവസം നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തിന്റെ ഇരുപതാം ദിവസമാണ് സോളാര്‍ സമരം തന്നെ അവസാനിപ്പിക്കാനുള്ള തീരുമാനം വന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുക, മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍ എല്‍.ഡി.എഫ് നേതാക്കള്‍ ബഹിഷ്കരിക്കുക തുടങ്ങിയ പ്രതിഷേധ രീതികളും അവസാനിപ്പിക്കും.

 

 

മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതരായതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സമരപരിപാടികള്‍ ആരംഭിച്ചത്. ആഗസ്തില്‍ നടത്തിയ അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ വന്‍ പ്രവര്‍ത്തക പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും രണ്ടാം ദിവസം സമരം പിന്‍വലിച്ചിരുന്നു. കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറും ഉണ്ടായി.

 

പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനാണ് സമരം പിന്‍വലിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. മുഖ്യമന്ത്രിയ്ക്കെതിരെ നിയമസഭയില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, അടുത്ത മാസം മൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം തടസപ്പെടുത്തുകയില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.