Skip to main content
കോഴിക്കോട്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ വീണ്ടും ആക്രമണം. താമരശ്ശേരിയിലെ കരാടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന് അക്രമികള്‍ തീയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ബാര്‍ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറിനു മുന്നില്‍ നിര്‍ത്തിയിട്ട നാലു ബൈക്കുകളും അക്രമികള്‍ നശിപ്പിച്ചു.

 

അക്രമത്തിനു പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന് പൊലീസ് പറഞ്ഞു. ബാറിനുമുന്നിലുള്ള എസ്.എന്‍.ഡി.പി സമരപ്പന്തലും ആക്രമികള്‍ പൊളിച്ചുനീക്കി. അതേസമയം അടിവാരത്ത് വെള്ളിയാഴ്ച ഹര്‍ത്താലിനിടെ വ്യാപക അക്രമം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട 1500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 11 ടിപ്പര്‍ ലോറികളും ഒരു ജീപ്പും ഉള്‍പ്പടെ അക്രമികളത്തെിയ 12 വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ വാഹന ഉടമകളെ പൊലീസ് തിരയുന്നു.

 

അടിവാരത്ത് തുടര്‍ച്ചയായുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് മൂന്ന് തവണ ആകാശത്തേക്ക് വെടിവെച്ചിരുന്നു. അക്രമത്തില്‍ താമരശ്ശേരി ഡി.വൈ.എസ്.പി ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് പരുക്കേറ്റു. അക്രമികള്‍ പോലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

 

ഇതിനിടെ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ആശങ്കവേണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനകീയ പങ്കാളിത്തത്തോടെ മാത്രമേ റിപ്പോര്‍ട്ട്‌ നടപ്പിലാക്കൂ. അതുകൊണ്ടുതന്നെ ധൃതിപിടിച്ച്‌ റിപ്പോര്‍ട്ട്‌ നടപ്പിലാക്കില്ല. ജനങ്ങളും കര്‍ഷകരും ആഗ്രഹിക്കുന്ന മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം റിപ്പോര്‍ട്ട് നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കിയിലും വയനാട്ടിലും എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലും ഞായറാഴ്ച ഹര്‍ത്താല്‍ നടത്തും.

Tags