Skip to main content
പനാജി

 

ഇന്ത്യന്‍ നാവികസേനയുടെ ഒരു നിരീക്ഷണ വിമാനം ചൊവ്വാഴ്ച രാത്രി ഗോവ തീരത്ത് കടലില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന സേനാ ഉദ്യോഗസ്ഥരില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

പതിവ് പരിശീലന പറക്കലിന് പോയ ഡോര്‍ണിയര്‍ നാവിക നിരീക്ഷണ വിമാനമാണ് ഗോവയുടെ തീരത്ത് നിന്ന്‍ തെക്കുപടിഞ്ഞാറായി 25 നോട്ടിക്കല്‍ മൈല്‍ അകലെ തകര്‍ന്നുവീണത്. രാത്രി 10.02-നാണ് ഗോവയിലെ നാവിക താവളത്തിന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

 

സംഭവത്തില്‍ അന്വേഷണത്തിന് നാവികസേന ഉത്തരവിട്ടുണ്ട്. സേനാമേധാവി അഡ്മിറല്‍ ആര്‍.കെ ധോവന്‍ സ്ഥിതി വിലയിരുത്താന്‍ ഗോവയില്‍ എത്തി.   

 

ഒന്‍പത് കപ്പലുകളും ഏതാനും വിമാനങ്ങളും അടങ്ങുന്ന പൂര്‍ണ്ണതോതിലുള്ള രക്ഷാ-തിരച്ചില്‍ നടപടി ആരംഭിച്ചതായി സേന അറിയിച്ചു. വിമാനത്തിന്റെ പൈലറ്റിനും ഒരു നിരീക്ഷകനെയുമാണ് കാണാതായിരിക്കുന്നത്.    

 

കമാന്‍ഡര്‍ നിഖില്‍ ജോഷിയെയാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തതായി സേന അറിയിച്ചു.