ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ വിജയം. 70 സീറ്റുകളില്‍ 67സീറ്റുകളിലും നിലവില്‍ എ.എ.പി സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. മുഖ്യമന്ത്രിയായി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഫെബ്രുവരി 14-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കേജ്രിവാളിനെ ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
ബി.ജെ.പി സഖ്യം മൂന്ന്‍ സീറ്റുകളില്‍ മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ ഒറ്റ സീറ്റില്‍ പോലും മുന്നിലെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പരാജയമാണ് നേരിടുന്നത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദിയും കോണ്‍ഗ്രസ് പ്രചാരണം നയിച്ച അജയ് മാക്കനും തോറ്റു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒരു വര്‍ഷം തികയുന്ന വേളയിലാണ് കേജ്രിവാള്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നത്. 2013 ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ എ.എ.പി കോണ്‍ഗ്രസ് പിന്തുണയോടെ കേജ്രിവാള്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‍ 49 ദിവസത്തിന് ശേഷം 2014 ഫെബ്രുവരി 14-ന് രാജിവെക്കുകയായിരുന്നു.
ജനങ്ങള്‍ തങ്ങളോടൊപ്പം ഉണ്ടെന്ന് തനിക്ക് അറിയാമായിരുന്നെന്ന്‍ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. അഴിമതിയും വി.ഐ.പി സംസ്കാരവും അവസാനിപ്പിക്കുമെന്നും കേജ്രിവാള്‍ വാഗ്ദാനം ചെയ്തു.
പരാജയം തന്റേതാണെന്നും പ്രധാനമന്ത്രി മോദിയെ കുറിച്ചുള്ള ഹിതപരിശോധന അല്ല ഈ തെരഞ്ഞെടുപ്പെന്നും കിരണ്‍ ബേദി പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ മെയില്‍ ലോകസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം മോദി നേരിടുന്ന ആദ്യ പ്രധാന തിരിച്ചടിയാണ് ഇത്.