Skip to main content
ന്യൂഡല്‍ഹി

meiyappan and raj kundra

 

ബി.സി.സി.ഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വ്യാഴാഴ്ച നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചു. ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തനങ്ങളാണെന്നും നിയമപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി വിധിച്ചു. ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമയുമായ എന്‍. ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയും വാതുവെപ്പില്‍ പങ്കാളികളായതായി സുപ്രീം കോടതി കണ്ടെത്തി. ഇരുവരും ടീം അധികൃതരുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

 

ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എന്‍. ശ്രീനിവാസന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, ജസ്റ്റിസ്‌ ഇബ്രാഹിം കലിഫുള്ള എന്നിവരടങ്ങിയ ബഞ്ച് വിധി പറഞ്ഞത്. ഡിസംബര്‍ 17-ന് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി കേസ് മാറ്റിവെച്ചിരിക്കുകയായിരുന്നു.

 

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥരായ ഇന്ത്യാ സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയ ശ്രീനിവാസന്‍ ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ താല്‍പ്പര്യ സംഘട്ടനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ബി.സി.സി.ഐ അധികൃതര്‍ക്ക് ഐ.പി.എല്ലില്‍ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് നിയന്ത്രണം നീക്കിയ 2008-ലെ ബി.സി.സി.ഐ ചട്ടഭേദഗതിയുടെ സാധുതയാണ് പ്രധാനമായും കോടതിയുടെ പരിഗണനയില്‍ വന്നത്. എന്നാല്‍, തങ്ങള്‍ ഒരു സ്വകാര്യ സംഘടനയാണെന്ന വാദമാണ് ബി.സി.സി.ഐ മുന്നോട്ടുവെച്ചത്.  

 

2013 ഐ.പി.എല്ലുമായി ബന്ധപ്പെട്ട വാതുവെപ്പ് ആരോപണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുകുള്‍ മുഗ്ദല്‍ സമിതിയാണ് മെയ്യപ്പനും രാജ് കുന്ദ്രയും വാതുവെപ്പില്‍ പങ്കാളികളായതായി കണ്ടെത്തിയത്. മെയ്യപ്പന് ഔദ്യോഗികമായി ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധമില്ലെന്ന വാദമാണ് ശ്രീനിവാസന്‍ ഉയര്‍ത്തിയിരുന്നത്. ഇത് സമിതി നിരാകരിച്ചു. എന്നാല്‍, വാതുവെപ്പ് മറച്ചുവെക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സമിതി പറഞ്ഞു.