Skip to main content
ഡെറാഡൂണ്‍

 

ഹിമാലയന്‍ ക്ഷേത്രമായ കേദാര്‍നാഥിലേക്കുള്ള തീര്‍ഥാടനം തുടര്‍ച്ചയായ രണ്ടാം ദിവസമായ തിങ്കളാഴ്ചയും നിര്‍ത്തിവെച്ചു. ക്ഷേത്രപരിസരത്ത് കനത്ത മഞ്ഞുവീഴ്ചയും കേദാര്‍ താഴ്വരയുടെ താഴ്ന്ന ഭാഗങ്ങളില്‍ മഴയും കാരണം തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്.

 

സുരക്ഷാ കാരണങ്ങളാല്‍ കാലാവസ്ഥാ മെച്ചപ്പെടുന്നത് വരെ തീര്‍ഥാടനം നിര്‍ത്തിവെക്കുകയാണെന്നും തീര്‍ഥാടകരെ സോന്‍പ്രയാഗിലെ ബേസ് ക്യാംപില്‍ നിന്ന്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും ഉത്തരഖണ്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. 200-നും 250-നും ഇടയില്‍ തീര്‍ഥാടകരാണ് ഈ ക്യാംപില്‍ ഉള്ളത്.

 

കേദാര്‍നാഥിന് നാല് കിലോമീറ്റര്‍ അകലെ ലിഞ്ചൌളിയില്‍ എത്തിയിരുന്ന 24 പേരെ ഇന്ന്‍ രാവിലെ മഴയും മഞ്ഞും കുറഞ്ഞ സമയത്ത് ക്ഷേത്രത്തില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.    

 

മഞ്ഞുകാലത്ത് ആറുമാസം അടച്ചിട്ടതിന് ശേഷം മേയ് നാലിനാണ് ക്ഷേത്രം വീണ്ടും തുറന്നത്. എന്നാല്‍, ഞായറാഴ്ചയുണ്ടായ മഞ്ഞുവീഴ്ച വാര്‍ഷിക തീര്‍ഥാടനത്തിന് താല്‍ക്കാലികമായി തടയിട്ടിരിക്കുകയാണ്.

 

കഴിഞ്ഞ വര്‍ഷം തീര്‍ഥാടന കാലത്ത് ഇവിടെ ഉണ്ടായ വെള്ളപ്പൊക്കം ഒട്ടേറെ പേരുടെ മരണത്തിനും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 5000-ത്തില്‍ അധികം പേര്‍ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിരുന്നു.

 

ബദരിനാഥ്‌, ഗംഗോത്രി, യമുനോത്രി എനിവടങ്ങളിലും മഴ പെയ്യുന്നുണ്ടെങ്കിലും ഇവിടത്തെ ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ഥാടനത്തെ ബാധിച്ചിട്ടില്ല. ബദരിനാഥിലേക്കുള്ള യാത്ര മഴ കാരണം ഇന്നലെ നിര്‍ത്തിവെച്ചിരുന്നെങ്കിലും ഇന്ന്‍ പുനരാരംഭിച്ചതായി ചമോലി ജില്ലാ അധികൃതര്‍ അറിയിച്ചു.