Skip to main content
റായ്പൂര്‍

chathisgarh mapഛത്തിസ്‌ഗഡിലെ ഗോത്രവര്‍ഗ്ഗ മേഖലയായ ബസ്തറില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ ഒരു സബ്‌ ഇന്‍സ്പെക്ടര്‍ അടക്കം ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. ദണ്ടേവാഡ ജില്ലയിലെ ശ്യാംഗിരി കുന്നുകളിലാണ് ആക്രമണം നടന്നത്.

 

റോഡ്‌ നിര്‍മ്മാണത്തിന് സുരക്ഷ നല്‍കാന്‍ പോയ പത്ത് പേരടങ്ങുന്ന പോലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. മാവോയിസ്റ്റ് സംഘം പോലീസുകാരുടെ ബൈക്കുകള്‍ തീവെക്കുകയും ആയുധങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

 

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ വിവേക് ശുക്ല കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പോലീസ് അറിയിക്കുന്നു. പരിക്കേറ്റ രണ്ട് പേരെ സംഭവസ്ഥലത്ത് നിന്ന്‍ രക്ഷിച്ച് ജഗ്ദല്‍പൂറിലെ ആശുപത്രിയില്‍ എത്തിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

പോലീസും മാവോയിസ്റ്റ് സംഘവും തമ്മില്‍ വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്ന്‍ പോലീസ് പറഞ്ഞു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ സൈനികരെ അയച്ചിട്ടുണ്ട്.