Skip to main content
ന്യൂഡല്‍ഹി

arvind kejriwalആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 45-കാരനായ കേജ്രിവാള്‍.

 

കേജ്രിവാളിനു പിന്നാലെ മനീഷ് സിസോദിയ, സോംനാഥ് ഭാരതി, രാഖി ബിര്‍ള, ഗിരീഷ്‌ സോണി, സൌരഭ് ഭരദ്വാജ്, സത്യേന്ദ്ര ജെയിന്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

 

കേജ്രിവാള്‍ നിയുക്ത മന്ത്രിമാരോടൊപ്പം ഡെല്‍ഹി മെട്രോ തീവണ്ടിയിലാണ് സത്യപ്രതിജ്ഞയ്ക്കായി രാംലീല മൈതാനത്ത് എത്തിയത്. നൂറു കണക്കിന് പേര്‍ വണ്ടിയില്‍ ഇവരെ അനുഗമിച്ചു. മെട്രോ സ്റ്റേഷനുകളിലും എ.എ.പി പ്രവര്‍ത്തകരുടെ വന്‍ തിരക്കായിരുന്നു. രാംലീല മൈതാനത്തും പതിനായിരക്കണക്കിന് പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

 

70 അംഗ നിയമസഭയില്‍ 28 അംഗങ്ങളുള്ള ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുറത്ത് നിന്നുള്ള പിന്തുണയോടെയാണ് അധികാരം ഏറ്റെടുക്കുന്നത്. 31 സീറ്റുകള്‍ നേടിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ്‌ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരണത്തിന് പാര്‍ട്ടി തയ്യാറായത്.

 

ഐ.ഐ.ടി ബിരുദധാരിയും മുന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനുമാണ് കേജ്രിവാള്‍. പരിവര്‍ത്തന്‍ എന്ന സംഘടന സ്ഥാപിച്ച് വിവരാവകാശ നിയമം നടപ്പില്‍ വരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2006-ല്‍ കേജ്രിവാളിനു മാഗ്സാസെ അവാര്‍ഡ് ലഭിച്ചിരുന്നു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമരത്തിന്റെ അണിയറ നായകനായിരുന്ന കേജ്രിവാള്‍ പിന്നീട് ഹസാരെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു.

Tags