ഡെല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാറിന് ആം ആദ്മി പാര്‍ട്ടി (എ.എ.പി) പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് അരവിന്ദ് കേജ്രിവാള്‍. പ്രശാന്ത് ഭൂഷന്‍ കഴിഞ്ഞ ദിവസം നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണെന്നും കേജ്രിവാള്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ എ.എ.പി പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കുമെന്ന പ്രസ്താവന ഭൂഷനും പിന്‍വലിച്ചു.
ഡിസംബര്‍ 29-നുള്ളില്‍ ജന് ലോക്പാല്‍ ബില്‍ പാസാക്കാമെന്ന് രേഖാമൂലം ഉറപ്പ് തരികയാണെങ്കില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കാര്യം എ.എ.പി പരിഗണിക്കുമെന്ന് പ്രശാന്ത് ഭൂഷന്‍ തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. ആലങ്കാരിക അര്‍ത്ഥത്തിലാണ് താന്‍ പ്രസ്താവന നടത്തിയതെന്ന് ഇന്ന്‍ ഭൂഷന്‍ വിശദീകരിക്കുന്നു.
എന്നാല്‍, ഭൂഷന്റെ പ്രസ്താവന എ.എ.പിയെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആരേയും പിന്തുണക്കുകയോ ആരുടേയും പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഞായറാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയോ എ.എ.പിയോ അവകാശവാദം ഉന്നയിച്ചിട്ടില്ല. 70 അംഗ നിയമസഭയില്‍ 36 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. എന്നാല്‍, 31 സീറ്റുകളുള്ള ബി.ജെ.പിയും 28 സീറ്റുകളുള്ള എ.എ.പിയും പ്രതിപക്ഷത്തിരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ, വരുന്ന മെയില്‍ പൊതുതെരഞ്ഞെടുപ്പിനൊപ്പം ഡെല്‍ഹി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയേറി.