തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി. ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ജഗന്‍ ഇപ്പോള്‍. ചികിത്സ സ്വീകരിക്കാന്‍ ജഗന്‍ വിസമ്മതിച്ചുവെങ്കിലും മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രാത്രി പതിനൊന്നു മണിയോടെ ഹൈദരാബാദിലെ വസതിയിലെത്തിയ പൊലീസ് ജഗനെ നിര്‍ബന്ധപൂര്‍വം കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിഭജനത്തിനെതിരെയുള്ള പ്രതിഷേധം സീമാന്ധ്രയിലും തീരദേശ ആന്ധ്രയിലും ആറുദിവസം പിന്നിട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. വൈദ്യുതിനിലയങ്ങളുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. അധ്യാപകരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തുടരുന്ന പശ്ചാത്തലത്തില്‍ റായലസീമയിലെയും തീരദേശ ആന്ധ്രയിലെയും മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ആശുപത്രികള്‍, തീവണ്ടി ഗതാഗതം, കുടിവെള്ള വിതരണം, ഐ.ടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ബാങ്ക് എ.ടി.എം സേവനങ്ങള്‍ തുടങ്ങിയവ 13 ജില്ലകളിലും പ്രവര്‍ത്തന രഹിതമായി.
വിജയനഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ രാവിലെ ഏഴുമുതല്‍ ഒമ്പത് മണിവരെ ഇളവ് നല്‍കി. തെലങ്കാന രൂപീകരണത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന രാഷ്ട്രസമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
