ബ്രസീലില്‍ ദില്‍മ റൂസഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 51.6 ശതമാനം വോട്ട് നേടി നേരിയ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷമായ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി വിജയിച്ചത്. എതിരാളിയായ ഏസിയോ നെവേസ് 48.4 ശതമാനം വോട്ട് നേടി. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും വിജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് നേടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഈ രണ്ടുപേര്‍ തമ്മില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്.
2011-ല്‍ ബ്രസീല്‍ പ്രസിഡന്റായി അധികാരമേറ്റ ദില്‍മ അടുത്ത നാല് വര്‍ഷത്തേക്ക് കൂടി സ്ഥാനത്ത് തുടരും. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്ത് 2003 മുതല്‍ തൊഴിലാളി പാര്‍ട്ടിയാണ് അധികാരത്തില്‍.
തൊഴിലാളി പാര്‍ട്ടി ഭരണത്തിന്റെ മുഖമുദ്രയായ സാമൂഹ്യക്ഷേമ നടപടികളിലൂടെ നേടിയ ദരിദ്രജന വിഭാഗത്തിന്റെ പിന്തുണയാണ് വാണിജ്യലോബിയുടെ പിന്തുണയോടെ സാമ്പത്തിക സ്ഥിതി വിഷയമാക്കി പ്രചാരണം നടത്തിയ നെവേസിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിക്കാന്‍ ദില്‍മയെ സഹായിച്ചത്. ദില്‍മയുടെ ഭരണകാലത്ത് അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും അതേസമയത്ത് ഫുട്ബാള്‍ ലോകകപ്പിനായി നടത്തിയ വന്‍ ചിലവഴിക്കലുകളും അഴിമതിയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ദില്‍മയുടെ മുന്‍ഗാമിയും ഇന്നും ബ്രസീലിലെ ജനപ്രിയ നേതാവുമായ ലുല ഡാസില്‍വയുടെ നേതൃത്വത്തില്‍ ആരംഭിച്ചതും ദില്‍മ തുടര്‍ന്നതുമായ സാമൂഹ്യക്ഷേമ നടപടികള്‍ രാജ്യത്തെ 20 കോടി വരുന്ന ജനസംഖ്യയില്‍ നാല് കോടിയോളം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതായി കണക്കാക്കപ്പെടുന്നു.
വിജയത്തിന് നന്ദി പ്രകടിപ്പിച്ച് നടത്തിയ പ്രസംഗത്തില്‍ ബ്രസീലിനെ പരിഷ്കാരങ്ങളിലേക്കും മാറ്റങ്ങളിലേക്കും സംഭാഷണത്തിലേക്കും കൊണ്ടുപോകുന്നതിനായി അനുരഞ്ജനത്തിന്റേയും സമവായത്തിന്റേയും ആവശ്യകത ദില്‍മ എടുത്തുപറഞ്ഞു. ചെറുപ്പത്തില്‍ സൈനിക ഭരണകൂടത്തിനെതിരെ മാര്‍ക്സിസ് ഒളിപ്പോരാളി സംഘത്തില്‍ അംഗമായിരുന്ന ദില്‍മ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍, അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് സൈനിക ഭരണകൂടത്തിന്റെ പീഡനം അടക്കമുള്ള വിഷയങ്ങളില്‍ അനുരഞ്ജനത്തിന്റെ പാതയാണ് അവര്‍ സ്വീകരിച്ചത്.

