ഹിന്ദു യുവാവ് മതനിന്ദ നടത്തി എന്നാരോപിച്ച് ബംഗ്ലാദേശിലെ പബ്ന ജില്ലയില്‍ ന്യൂനപക്ഷ ഹിന്ദു വിഭാഗക്കാര്‍ക്ക് നേരെ അക്രമം. എന്നാല്‍, യുവാവിന്റെ അച്ഛന് നിര്‍ബന്ധിതപിരിവ് നല്കാന് വിസമ്മതിച്ചതാണ് ജമാഅത്തെ-ബി.എന്‍.പി പ്രവര്‍ത്തകരുടെ അക്രമത്തിന് പിന്നിലെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
സാന്തിയ ഉപജില്ലയിലെ വനഗ്രാമിലാണ് ശനിയാഴ്ച അക്രമങ്ങള്‍ അരങ്ങേറിയത്. 26 വീടുകള്‍ തകര്‍ന്നു. 150-ഓളം കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തിരിക്കുകയാണ്. സ്ഥിതി സാധാരണ ഗതിയിലായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഭയവും അരക്ഷിതത്വവും പ്രാദേശിക വാസികളില്‍ പ്രകടമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിന് ആവശ്യമായ സംരക്ഷണം നല്‍കാനും കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാനും പോലീസ് ഇന്‍സ്പെക്ടര്‍ ജനറലിനോടാണ് കോടതി നിര്‍ദ്ദേശിച്ചത്.
ഇതിനകം ഒന്‍പത് അക്രമികളെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക പോലീസ് അധികൃതര്‍ അറിയിച്ചു. പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് ദേശീയവാദി പാര്‍ട്ടി (ബി.എന്‍.പി)യുടേയും അവരുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടേയും പ്രവര്ത്തകരാണിവരെന്ന് പോലീസ് പറഞ്ഞു. 1971-ലെ വിമോചന സമരകാലത്ത് പാകിസ്താന് സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിന് വിചാരണ നേരിടുന്ന ജമാഅത്തെ നേതാവ് മതിയുര്‍ റഹ്മാന് നിസാമിയുടെ സ്വദേശമാണിത്.
അതിനിടെ, ബാബുല്‍ സാഹ എന്നയാള്‍ ജമാഅത്തെ-ബി.എന്‍.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധിതപിരിവായി ആവശ്യപ്പെട്ട രണ്ട് ലക്ഷം താക്ക നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മകന് രജിബ് സാഹ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അക്രമം അഴിച്ചുവിട്ടതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന് കാരണമായി ഉപയോഗിച്ച ഫേസ്ബുക്ക് പേജ് രജിബുമായി ബന്ധമുള്ളതല്ലെന്ന് ഡെയ്ലി സ്റ്റാര്‍ വെളിപ്പെടുത്തി.