Skip to main content

സിംഗപ്പൂര്‍: ഇന്തോനേഷ്യയിലെ കാട്ടുതീ മൂലം സിംഗപ്പൂറില്‍ പുകമഞ്ഞ് പടരുന്നു. വായുമലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോഡ് നിരക്ക് രേഖപ്പെടുത്തി. തീ അണക്കാനുള്ള ശ്രമം ഇന്തോനേഷ്യ ഊര്‍ജിതമാക്കിയിട്ടുണ്ട്. മലേഷ്യയുടെ ചിലഭാഗങ്ങളെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഇവിടെ 200 സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

 

സിംഗപ്പൂറിലെ മാലിന്യ നിലവാര സൂചിക വെള്ളിയാഴ്ച 401 രേഖപ്പെടുത്തി. ഇത് രോഗികള്‍ക്കും പ്രായമാവര്‍ക്കും മാരകമായേക്കാം. 1997-ല്‍ രേഖപ്പെടുത്തിയ 226 ആയിരുന്നു ഇതിനുമുമ്പത്തെ കൂടിയ നിരക്ക്. പുകമഞ്ഞ് ആഴ്ചകള്‍ തുടര്‍ന്നേക്കാമെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെങ്ങ് ലൂങ്ങ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 

കാട്ടുതീ പടര്‍ന്ന സുമാത്ര ദ്വീപുകളില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള രണ്ട് ഹെലികോപ്ടറുകള്‍ ഇന്തോനേഷ്യ അയച്ചിട്ടുണ്ട്. രാജ്യത്ത് ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തീ അണക്കാന്‍ പ്രസിഡന്റ് സുസിലോ യുധോയോനൊ ആവശ്യപ്പെട്ടു.