യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മാധ്യമങ്ങൾ
വിദ്യാഭ്യാസം, ആരോഗ്യം ഈ രണ്ട് മേഖലകൾ കേരളത്തിൽ ഇപ്പോൾ പ്രതിസന്ധികളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മാധ്യമങ്ങൾ അപ്രസക്തമായ വിഷയങ്ങൾ കൊണ്ടുവന്ന് അവയെ മൂടാൻ ശ്രമിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് റവാഡ ചന്ദ്രശേഖരനെതിരെ 1995ൽ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം ഇപ്പോൾ മാധ്യമങ്ങൾ കുത്തിപ്പൊക്കുന്നത്.
റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റ് പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു. അതുമായി ചുറ്റിപ്പറ്റി ഇതിനകം തന്നെ ഒട്ടേറെ പൊതു ചർച്ചകളും വിവാദങ്ങളും ഒക്കെ അരങ്ങേറുകയുണ്ടായി. കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയത് റവാഡ ചന്ദ്രശേഖർ തന്നെയാണ് . അത് അദ്ദേഹത്തിൻറെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിട്ടാണ് ആ സന്ദർഭത്തിൽ അവിടെ എത്തപ്പെട്ടത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ ആവില്ല അന്ന് അവിടെ വെടിവെപ്പ് നടന്നത്.
കോടതിയിൽ നിന്ന് അദ്ദേഹം കുറ്റവിമുക്തൻ ആക്കപ്പെടുകയും ചെയ്തു.ഇന്നിപ്പോൾ അദ്ദേഹം ഡിജിപി ആയി ഇരിക്കുന്നത് അദ്ദേഹത്തിൻറെ ഔദ്യോഗിക സർവീസിന്റെ ബലത്തിലും പശ്ചാത്തല റെക്കോർഡിൻ്റെ അടിസ്ഥാനത്തിലുമാണ്. ഈ നിയമനം അദ്ദേഹത്തിൻറെ വിരമിക്കൽ വരെ തുടരുകയും ചെയ്യും. അക്കാലത്ത് റവാഡ ചന്ദ്രശേഖരനെതിരെ പ്രസംഗിച്ച പിണറായി വിജയൻ ഇന്നിപ്പോൾ മുഖ്യമന്ത്രി ആയത് എന്നുള്ളത് തികച്ചും യാദൃശ്ചികം. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പ്രസക്തിയിലേക്കും നയിക്കാത്ത വിവാദം ആവശ്യമില്ലാതെ ഉയർത്തിക്കൊണ്ടുവന്ന് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നത് മാധ്യമ ഉത്തരവാദിത്വത്തിന് ചേർന്നതല്ല.
