യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) നടത്തുന്ന ഇന്റര്‍നെറ്റ് സ്വകാര്യ വിവര ശേഖരണത്തിന്റെ മറ്റൊരു പദ്ധതി കൂടി ബ്രിട്ടിഷ് പത്രം ഗാര്‍ഡിയന്‍ പുറത്തുവിട്ടു. എക്സ്-കീസ്കോര്‍ എന്നറിയപ്പെടുന്ന ഈ പദ്ധതി ഓണ്‍ലൈന്‍ വിവരങ്ങളുടെ ഏറ്റവും ബൃഹത്തായ ശേഖരണം ആണ് ലക്ഷ്യം വെക്കുന്നത്. ഇത് സംബന്ധിച്ച് ഏജന്‍സി തയ്യാറാക്കിയ പ്രസന്റേഷന്‍ എന്‍.എസ്.എയില്‍ കരാര്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങളില്‍ പെടും.
ഇമെയില്‍, ചാറ്റ്, സോഷ്യല്‍ മീഡിയ, ബ്രൌസിങ്ങ് വിവരങ്ങള്‍ എന്നിവയെല്ലാം അംഗീകൃത അനുമതികള്‍ ഒന്നും കൂടാതെ എന്‍.എസ്.എ വിദഗ്ദര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്നതാണ് എക്സ്-കീസ്കോര്‍. ഒരു സാധാരണ ഉപയോക്താവ് ഇന്റര്‍നെറ്റില്‍ ചെയ്യുന്നതെല്ലാം ഈ പദ്ധതിയുടെ കീഴില്‍ വരുമെന്ന് എന്‍.എസ്.എയുടെ പ്രസന്റേഷന്‍ അവകാശപ്പെടുന്നു.
വിവരങ്ങള്‍ തത്സമയം വിശകലനം ചെയ്ത് യൂസര്‍നെയിം, ടെലിഫോണ്‍ നമ്പര്‍, ഐ.പി വിലാസം, എച്ച്.ടി.ടി.പി എന്നിവയിലൂടെ വ്യക്തികളെ ഒരു പ്രത്യേക വിവരം തിരയുന്ന വ്യക്തിയെ കണ്ടെത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. 2008 വരെ ഇപ്രകാരം 300 തീവ്രവാദികളെ കണ്ടെത്തിയതായി എന്‍.എസ്.എ രേഖകള്‍ പറയുന്നു.
ഈ പദ്ധതിയില്‍ വിവരശേഖരണം നടത്തുന്നതിന് ഉന്നത അധികാരികളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. പരിശോധിക്കേണ്ട വ്യക്തിയുടെ ഇ-മെയില്‍ അല്ലെങ്കില്‍ മറ്റു വിവരങ്ങള്‍, പരിശോധന നടത്തേണ്ട കാലയളവ്, കാരണം എന്നിവ ഒരു ഓണ്‍ലൈന്‍ ഫോമില്‍ പൂരിപ്പിച്ച് നല്‍കിയാല്‍ മതി.
വന്‍തോതിലുള്ള വിവരങ്ങള്‍ ആണ് എക്സ്-കീസ്കോര്‍ പദ്ധതിയിലൂടെ ശേഖരിക്കുന്നത്. 2007-ലെ ഒരു എന്‍.എസ്.എ റിപ്പോര്‍ട്ട് അനുസരിച്ച് 85,000 കോടി ടെലിഫോണ്‍ വിവരങ്ങളും 15,000 കോടി ഇന്റര്‍നെറ്റ് വിവരങ്ങളുമാണ് ഡാറ്റാബേസുകളില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്നത്. ഓരോ ദിവസവും 100-200 കോടി വരുന്ന വിവരങ്ങള്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ അഞ്ചു വര്‍ഷം വരെ ശേഖരിച്ച് വെക്കാന്‍ കഴിയുന്ന സംവിധാനങ്ങളും എന്‍.എസ്.എക്കുണ്ട്.