Skip to main content
ഇസ്ലാമാബാദ്

പാക് താലിബാന്റെ ആക്രമണത്തിനു ശേഷം ലണ്ടനില്‍ കഴിയുന്ന മലാല യൂസഫ്‌സായിക്ക് താലിബാന്‍ നേതാവിന്റെ കത്ത്. മലാല പാകിസ്ഥാനിലേക്ക് തിരിച്ചു വരണമെന്നും അവിടെയുള്ള മദ്രസ്സയില്‍ ചേര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു താലിബാന്‍ നേതാവ് അന്‍വര്‍ റഷീദാണ് കത്തെഴുതിയിരിക്കുന്നത്. 

 

വിദ്യാഭ്യാസത്തിനു താലിബാന്‍ ഒരിക്കലും എതിരല്ലെന്നും ഇസ്ലാം മതത്തെക്കുറിച്ചും അള്ളാഹുവിനെക്കുറിച്ചും കൂടുതല്‍ പഠിക്കണമെന്നും മതത്തിനെതിരെയുള്ള ഗൂഡാലോചന പുറത്തുകൊണ്ടു വരണമെന്നും കത്തില്‍ പറയുന്നു. പെണ്‍കുട്ടികള്‍ വിദ്യാലയത്തില്‍ പോവുന്നതിനോ പഠിക്കുന്നതിനെയോ താലിബാന്‍ ഒരിക്കലും എതിര്‍ക്കില്ല. ഇസ്ലാമിക-പഷ്തൂണ്‍ സംസ്കാരം മലാല സ്വീകരിക്കണം എന്നും റഷീദ് കത്തില്‍ എഴുതിയിട്ടുണ്ട്.

 

സ്വാത് മേഖലയില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കാനുള്ള താലിബാന്റെ പ്രചരണത്തിനെതിരെ മലാല പ്രതികരിച്ചത് കൊണ്ടാണ് ആക്രമണം നടത്തിയത് എന്നും ലോകത്തെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പേന ഉപയോഗിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

 

സ്വാത്തില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിന് മലാലക്ക് താലിബാന്‍റെ വെടിയേറ്റത്. മലാലയുടെ ജന്മദിനം മലാല ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 12-നു യു.എന്‍. വിളിച്ചുചേര്‍ത്ത യുവജന സമ്മേളനത്തില്‍ മലാല നടത്തിയ പ്രസംഗം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വെടിയുണ്ടകള്‍ക്കു തന്നെ നിശബ്ദയാക്കാനാവില്ലെന്നും അതിനു വേണ്ടി ശ്രമിച്ച താലിബാന്റെ ശ്രമം പരാജയപ്പെട്ടെന്നും മലാല പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മലാലയുടെ പ്രസംഗത്തെ കുറിച്ചും റഷീദ് കത്തില്‍ പരാമര്‍ശിച്ചിരുന്നു.

Tags