ഭീകരതയെ താന്‍ ഭയക്കുന്നില്ലെന്നും ഭീഷണികൊണ്ട് തന്നെ നിശബ്ദയാക്കാന്‍ കഴിയില്ലെന്നും മലാല യൂസഫ്‌സായ്. മലാലയുടെ ജന്മദിനം മലാല ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 12-നു യു.എന്‍. വിളിച്ചുചേര്‍ത്ത യുവജന സമ്മേളനത്തിലായിരുന്നു പ്രസംഗം.
വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് മേഖലയില്‍ വെച്ചാണ് മലാലയ്ക്ക് തീവ്രവാദികളുടെ വെടിയേറ്റത്. അതിനുശേഷം നടത്തിയ ആദ്യപ്രസംഗം ആയിരുന്നു ഇത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെ ചോദ്യംചെയ്തതിനാണ് മലാലയെ താലിബാന്‍ ആക്രമിച്ചത്.
പേനയും പുസ്തകവും ആണ് ഏറ്റവും ശക്തമായ ആയുധം. ഇവ രണ്ടും ഭീകരവാദികള്‍ക്ക് ഭയമാണെന്നും അതുകൊണ്ടാണ് താലിബാന്‍ അവയെ പേടിക്കുന്നതെന്നും മലാല പറഞ്ഞു. വെടിയുണ്ടകള്‍ക്കു തന്നെ നിശബ്ദയാക്കാനാവില്ലെന്നും അതിനു വേണ്ടി ശ്രമിച്ച തീവ്രവാദികളുടെ ശ്രമം പരാജയപ്പെട്ടെന്നും മലാല കൂട്ടിച്ചേര്‍ത്തു. ഇസ്ലാം സമാധാനത്തിന്റെ മതമാണ്, തീവ്രവാദവും യുദ്ധവും കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റുകയാണെന്നും വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഭീകരതയെ തോല്പ്പിക്കാനാവു എന്നും മലാല പറഞ്ഞു.
'ലോകത്തെ ഏറ്റവും ധീരയായ പെണ്‍കുട്ടി' എന്നാണ് ചടങ്ങില്‍ പങ്കെടുത്ത ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയും വിദ്യാഭ്യാസത്തിനുള്ള യു.എന്‍. ദൗത്യസംഘത്തിന്റെ തലവനുമായ ഗോര്‍ഡന്‍ ബ്രൗണ്‍ മലാലയെ വിശേഷിപ്പിച്ചത്.