Skip to main content

pc george and ramesh chennithala

 

മാവോവാദികള്‍ക്കെതിരെയുള്ള സർക്കാർ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോർജ്. പത്തോ ഇരുപതോ വരുന്ന മാവോവാദികളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം സംഭരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഇവരെ ആശയപരമായാണ് നേരിടേണ്ടതെന്നും ജോര്‍ജ് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജോർജ് ആദ്യം ഉപദേശിക്കേണ്ടത് മാവോവാദികളെയാണെന്നും അവര്‍ അക്രമം നിര്‍ത്തിയാല്‍ നടപടി അവസാനിപ്പിക്കാമെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

 

മാവോവാദികൾ പോരാടുന്നത് നീതിക്കു വേണ്ടിയാണെന്നും ആദിവാസികൾക്ക് അനുകൂലവും ബ്ലേഡ് മാഫിയകളോട് പ്രതികൂലവുമായ മനോഭാവമാണ് ഇവരുടേതെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി. മാവോവാദികളുടെ ആശയ പ്രചരണത്തിൽ ആദിവാസികൾ ആകൃഷ്ടരായിട്ടുണ്ടെങ്കിൽ അതിന് കാരണം കേരളം മാറിമാറി ഭരിച്ച മുന്നണികളാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

ബുള്ളറ്റ് കൊണ്ടല്ല മാവോവാദികളെ നേരിടേണ്ടതെന്ന് അറിയാമെന്നും എന്നാല്‍ ബോധപൂർവം അക്രമം നടത്തിയാൽ സർക്കാർ അത് അടിച്ചമർത്തുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. വയനാട്ടിലും മറ്റും ആക്രമണം നടത്തിയത് മാവോവാദികൾ തന്നെയാണെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. പൊലീസ് ആയുധം സംഭരിക്കുന്നുവെന്നത് ചീഫ് വിപ്പിന്റെ ഭാവനയാണെന്നും ചെന്നിത്തല പറഞ്ഞു.