പ്യോങ്ങ്യാങ്ങ് : പരീക്ഷണ സജ്ജമായിരുന്ന രണ്ട് മിസ്സൈലുകള്‍ ഉത്തര കൊറിയ വിക്ഷേപണ സ്ഥലത്തുനിന്ന് നീക്കി. കൊറിയയുടെ കിഴക്കന്‍ തീരത്ത് വിന്യസിച്ചിരുന്ന മുസുദാന്‍ മിസ്സൈലുകള്‍ നീക്കിയതായി യു.എസ്. പ്രതിരോധ ഉദ്യോഗസ്ഥന് തിങ്കളാഴ്ച അറിയിച്ചു.
ഉത്തര കൊറിയയുടെ പുതിയ നടപടി കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് സഹായകമാണെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു. യു.എസ് സന്ദര്‍ശിക്കുന്ന ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍-ഹെ ചൊവാഴ്ച വൈറ്റ്ഹൌസില്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഏപ്രില്‍ 15 ന് നടന്ന ദേശീയ ആഘോഷങ്ങളുടെ മുന്നോടിയായാണ് ഉത്തര കൊറിയ മിസൈലുകള്‍ വിന്യസിച്ചത്. കൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ യു.എന്‍ ഉപരോധത്തെ തുടര്‍ന്ന് നയതന്ത്ര സംഘര്‍ഷം കനത്ത പശ്ചാത്തലത്തില്‍ നീക്കം യു.എസ്, ജപ്പാന്. ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിരുന്നു.