Skip to main content
ന്യൂഡല്‍ഹി

coal കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിന് നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളില്‍ ആദ്യ കുറ്റപത്രം സി.ബി.ഐ തിങ്കളാഴ്ച സമര്‍പ്പിച്ചു. നവഭാരത് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയും കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരേയും പ്രതി ചേര്‍ക്കുന്നതാണ് കുറ്റപത്രം. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

 

നവഭാരത് പവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരായ പി. ത്രിവിക്രമ പ്രസാദ്, വൈ. ഹരിഷ് ചന്ദ്ര പ്രസാദ് എന്നിവര്‍ക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങി വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കല്‍ക്കരിപ്പാടം ഖനനത്തിന് അനുവദിച്ച് കിട്ടുന്നതിന് ആവശ്യമായ ആസ്തി ഉള്ളതായി കമ്പനി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് സി.ബി.ഐ ആരോപിക്കുന്നു.

 

കമ്പനിയുടെ തെറ്റായ അവകാശവാദങ്ങളും മറച്ചുവെക്കലുകളും മന:പൂര്‍വ്വം ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാതെ ചില കല്‍ക്കരി വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഡാലോചനയ്ക്ക് കൂട്ടുനിന്നതായി 2012 സെപ്തംബറില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍  സി.ബി.ഐ പറഞ്ഞിരുന്നു.

 

നവഭാരത് പവര്‍ കമ്പനി 2010-ല്‍ എസ്സാര്‍ പവര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിലൂടെ കല്‍ക്കരിപ്പാടം വിതരണത്തില്‍ അനധികൃതമായ ആനുകൂല്യം എസ്സാര്‍ പവറിന് ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നെങ്കിലും എസ്സാറിനെ സി.ബി.ഐ പ്രതി ചേര്‍ത്തിട്ടില്ല.  

Tags