പ്യോങ്യാങ്ങ്: മിസ്സൈല്‍ വിക്ഷേപണത്തിനു തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ സംഘര്‍ഷം ഉളവാകുകയാണെങ്കില്‍ രാജ്യത്തെ വിദേശ എംബസ്സികളുടെ സുരക്ഷ ഉറപ്പു നല്‍കാനാവില്ലെന്ന് ഉത്തര കൊറിയ അറിയിച്ചു.
രണ്ട് മധ്യദൂര മിസ്സൈലുകളും വിക്ഷേപണ വാഹനവും കൊറിയയുടെ കിഴക്കന്‍ തീരത്ത് ഭൂമിക്കടിയില്‍ തയ്യാറാണെന്നും മുന്നറിയിപ്പ് കൂടാതെ ഉത്തര കൊറിയ അവ വിക്ഷേപിച്ചേക്കാം എന്നും ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോണ്‍ഹാപ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 3000 കിലോമീറ്റര്‍ വരെ പരിധിയുള്ളവയാണ് മിസ്സൈലുകളെന്നും ഏജന്‍സി അറിയിച്ചു. ദക്ഷിണ കൊറിയയിലും ജപ്പാനിലും യു.എസ്. സൈനിക താവളം സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്ര ദ്വീപായ ഗുവാമിലുമുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ഇവക്കു കഴിയും.
ഇതിനു പിന്നാലെയാണ് എംബസ്സികള്‍ക്ക് ഉത്തര കൊറിയയുടെ അറിയിപ്പ് ലഭിച്ചത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈകാതെ യോഗം ചേരുമെന്ന് ബള്‍ഗേറിയ അറിയിച്ചു. എങ്കിലും ഉദ്യോഗസ്ഥരെ രാജ്യങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്നാണ് സൂചന.