Skip to main content
കാബൂള്‍

hamid karzaiതീവ്രവാദികള്‍ എന്നാരോപിച്ച് അഫ്ഗാനിസ്താനില്‍ യു.എസ് നിയന്ത്രണത്തിലുള്ള ജയിലില്‍ കഴിഞ്ഞിരുന്ന 65 പേരെ അഫ്ഗാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വിട്ടയച്ചു. ഇവര്‍ താലിബാന്‍ പ്രവര്‍ത്തകരാണെന്നും വിട്ടയച്ചാല്‍ തുടര്‍ന്നും സഖ്യകക്ഷി സൈനികര്‍ക്കും അഫ്ഗാന്‍ സൈനികര്‍ക്കും നേരെ ആക്രമണം തുടരുമെന്ന യു.എസ് സൈന്യത്തിന്റെ നിലപാട് തള്ളിയാണ് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ തീരുമാനം.

 

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പര്‍വാന്‍ ജയിലിലെ തടവുകാരെ വിട്ടയക്കാന്‍ കര്‍സായി ഉത്തരവിട്ടിരുന്നു. ബഗ്രാമിലെ യു.എസ് വ്യോമ താവളത്തിന് സമീപമുള്ള ജയിലിന്റെ നിയന്ത്രണം കഴിഞ്ഞ മാര്‍ച്ചിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ യു.എസ്സില്‍ നിന്ന്‍ ഏറ്റെടുത്തത്.

 

താലിബാന്‍ തീവ്രവാദികളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ജയിലെന്ന് കര്‍സായി ആരോപിച്ചിരുന്നു. നിരപാരാധികളെ പീഡിപ്പിച്ച് സ്വന്തം രാജ്യത്തെ വെറുക്കാന്‍ പ്രേരിപ്പിക്കുകയാണ് ജയിലില്‍ ചെയ്യുന്നതെന്നും കര്‍സായി പറയുന്നു.

 

തന്റെ കാലാവധി അവസാനിക്കാനിരിക്കെ യു.എസ് വിരുദ്ധ നിലപാടുകള്‍ ശക്തമാക്കിയിരിക്കുകയാണ് കര്‍സായി. ഈ വര്‍ഷം അവസാനം പ്രഖ്യാപിച്ചിരിക്കുന്ന യു.എസ് സൈനിക പിന്‍വാങ്ങലിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി സുരക്ഷാ ഉടമ്പടി ഒപ്പ് വെക്കാനുള്ള നിര്‍ദ്ദേശവും കര്‍സായി തള്ളിയിരുന്നു. പരിമിതമായ യു.എസ് സൈനിക സാന്നിധ്യം അഫ്ഗാനില്‍ തുടര്‍ന്നും അനുവദിക്കുന്നതാണ് ഈ ഉടമ്പടി.  

 

ഏപ്രില്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന പുതിയ പ്രസിഡന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നാണ് കര്‍സായിയുടെ നിലപാട്. അധികാരത്തില്‍ രണ്ടു തവണ പൂര്‍ത്തിയാക്കിയ കര്‍സായിയക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

Tags