ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബി.ജെ.പി. പാര്‍ലിമെന്ററി ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തു. പാര്‍ട്ടി നയങ്ങള്‍ രൂപീകരിക്കുന്ന പരമോന്നത സമിതിയില്‍ ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോഡി അംഗമാകുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള പുതിയ സംഘത്തെ ഞായറാഴ്ചയാണ് ബി.ജെ.പി. പ്രസിഡന്റ് രാജ്നാഥ് സിങ്ങ് പ്രഖ്യാപിച്ചത്.
തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നവരെ ഭാരവാഹിത്വത്തിലേക്ക് കൂടുതലായി ഉള്‍പ്പെടുത്തിയാണ് പുതിയ സംഘത്തെ നിയമിച്ചിരിക്കുന്നത്. മോഡി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന സൊഹ്രാബുദ്ദീന്‍ ഷെയ്ഖ് വധക്കേസിലെ പ്രതി അമിത് ഷാ, വിദ്വേഷ പ്രസംഗത്തിന് കുറ്റാരോപിതനായ വരുണ്‍ ഗാന്ധി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും മധ്യ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയെ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിങ്ങ് എന്നിവരെ പ്രധാന ഭാരാവഹിത്വങ്ങളില് നിന്ന് ഒഴിവാക്കി. പാര്‍ട്ടി നിലപാടുകളോട് മുന്‍പ് പരസ്യമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചവരാണ് രണ്ടു പേരും. മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെ പാര്‍ലിമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മോഡിക്കൊപ്പം ചൗഹാനനേയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു സൂചനകള്‍.
കേരളത്തില്‍നിന്ന് പി.കെ. കൃഷ്ണദാസിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റായ കൃഷ്ണദാസ് നിലവില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗമാണ്.