കോണ്‍ഗ്രസ്സിനേയും സംഘപരിവാര്‍ ഉള്‍പ്പടെയുള്ള ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാടുള്ള പാര്‍ട്ടികളെയും വ്യക്തികളെയും വിഭാഗങ്ങളെയും ചെറുത്ത് ഇടതു മുന്നണി വിപുലീകരിക്കാന്‍ രാഷ്ട്രീയപ്രമേയത്തിലൂടെ സി.പി.ഐ.എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് എല്‍.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കണമെന്ന നിര്‍ദേശം പ്ലീനത്തില്‍ മുന്നോട്ടു വച്ചത്.
എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫില്‍ നില്ക്കുന്ന ഏതെങ്കിലും ഘടകകക്ഷിയെ അടര്‍ത്തിയെടുത്തല്ല എല്‍.ഡി.എഫിന്റെ വിപുലീകരണം സാധ്യമാക്കുകയെന്ന് സി.പി.ഐ.എം നേതൃത്വം വിശദീകരിച്ചു. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് യു.ഡി.എഫ്. സര്‍ക്കാരിന് ഇനി അധികം ആയുസ്സില്ലെന്ന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ യു.ഡി.എഫില്‍ നില്ക്കുന്ന കെ.എം. മാണി മുന്നണിവിടാന്‍ തയ്യാറായാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്നും മധ്യസ്ഥരുടെ സഹായമില്ലാതെതന്നെ ചര്‍ച്ചനടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സാമ്രാജ്യത്വ ശക്തികളുടെ കീഴില്‍ രാജ്യത്തെ അടിയറവയ്ക്കാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ നയങ്ങളെന്നും എളമരം കരീം അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇവയെ ചെറുക്കാന്‍ താല്‍പ്പര്യമുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളെ യോജിപ്പിച്ച് അണിനിരത്തുക എന്നതാവണം പാര്‍ട്ടിയുടെ കടമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സഹകരിച്ച് പ്രവര്ത്തിക്കുകഎന്നാല് കൂറുമാറ്റമോ മുന്നണി മാറ്റമോ അല്ലെന്ന് ധനമന്ത്രി കെ.എം മാണി സംസ്ഥാന പ്ലീനം വേദിയില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലീനത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോഗ്യകാരണങ്ങളെത്തുടര്ന്നാണ് മടക്കമെന്ന് വി.എസ് അറിയിച്ചു. വ്യാഴാഴ്ച നടന്ന പൊതു ചര്‍ച്ചയില്‍ വിഎസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലാവലിന്‍, ടിപി കേസുകളില്‍ വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നായിരുന്നു വിമര്‍ശനം. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയ വിഎസ്സിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു