Skip to main content
ന്യൂഡല്‍ഹി

ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ ഡോ.രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗാസിയാബാദിലെ സി.ബി.ഐ. പ്രത്യേകകോടതി ജഡ്ജി ശ്യാം ലാലാണ് ആരുഷിയുടെ അച്ഛന്‍ രാജേഷ് തല്‍വാറിനും അമ്മ നൂപുര്‍ തല്‍വാറിനും ജീവപര്യന്തം വിധിച്ചത്.  ജീവപര്യന്തത്തിനു പുറമേ  തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷത്തെ തടവും പോലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് രാജേഷ് ഒരു വര്‍ഷത്തെ തടവും അധികമായി അനുഭവിക്കണം. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.

 

വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ അറിയിച്ചു. 15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് വിധി പറഞ്ഞത്. നൂപുര്‍ തല്‍വാര്‍ ദമ്പതിമാരുടെ മകള്‍ ആരുഷി (14)യുടെ മൃതദേഹം 2008 മെയ് 15-നാണ് നോയിഡയിലെ ജല്‍വായു വിഹാറിലെ വീട്ടില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടുജോലിക്കാരന്‍ ഹേംരാജ് (45)ന്റെ മൃതദേഹം അടുത്ത ദിവസം വീടിന്റെ ടെറസില്‍ കണ്ടെത്തി.

 

പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്നാണ് ആദ്യം ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തി. പിന്നീടാണ് ആരുഷിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെയും ജോലിക്കാരനെയും സംശയകരമായ നിലയില്‍  കണ്ടെത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇത് പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ സമൂഹത്തിന് ഒരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തുന്നവരല്ലെന്നും ചില പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ കുറ്റം ചെയ്യുകയായിരുന്നെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്ന സി.ബി.ഐയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Tags