വീര്യം കൂടിയ ലഹരിമരുന്നായ കറുപ്പിന്റെ ഉല്‍പ്പാദനം അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചതായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്സ് ആന്‍ഡ് ക്രൈം റിപ്പോര്‍ട്ടിലാണ് കറുപ്പ് കൃഷി അഫ്ഗാനിസ്താനില്‍ കൂടുതലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് ലക്ഷം ഹെക്ടറിലേറെ ഭൂമിയിലാണ് രാജ്യത്ത് പോപ്പി ചെടികള്‍ വളരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ശതമാനമായാണ് കറുപ്പ് കൃഷി വര്‍ധിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം 49 ശതമാനമായി കൂടി. പൂര്‍ണമായി വിളവെടുക്കാനായാല്‍ 5500 ടണ്‍ കറുപ്പ് ഇതുവഴി ഉല്‍പാദിപ്പിക്കാനാവും. എന്നാല്‍ കറുപ്പിന്റെ ആഗോളവിപണി ഇതിനേക്കാള്‍ ചെറുതാണ്.
കൃഷി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ വരും വര്‍ഷങ്ങളിലും ഉല്‍പാദനം വര്‍ധിക്കുമെന്ന് യു.എന്‍ ഓഫിസ് ഫോര്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം വക്താവ് ജീന്‍ ലുക്ലെമാഹ്യു കാബൂളില്‍ പറഞ്ഞു. ലോകത്ത് ലഭ്യമാകുന്ന കറുപ്പിന്റെ 90 ശതമാനത്തോളവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലാണ്. അന്താരാഷ്ട്ര ലഹരി വിരുദ്ധ നിയമങ്ങളെല്ലാം ബഹിഷ്കരിച്ചുകൊണ്ടാണ് അഫ്ഗാനില്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നത്.
അഫ്ഗാനിലെ ഹെല്‍മന്ദ് മേഖലയിലാണ് പോപ്പി കൃഷി കൂടുതലുള്ളത്. ഇവിടെ ബ്രിട്ടീഷ് സേനയുണ്ടെങ്കിലും കൃഷി കുത്തനെ കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ അടുത്ത വര്‍ഷം സൈന്യം പിന്മാറുന്നതോടെ കറുപ്പ് കൃഷി വീണ്ടും വര്‍ധിക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ കറുപ്പ് കൃഷി പൂര്‍ണമായി നിര്‍ത്തിയിരുന്നു. വിപണിയില്‍ കറുപ്പിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നതാണ് കര്‍ഷകരെ കൂടുതലായി ഇതിലേക്ക് അടുപ്പിക്കുന്നത്. പോപ്പി ചെടിയുടെ കറയില്‍നിന്നാണ് കറുപ്പ് ഉണ്ടാക്കുന്നത്