Skip to main content

ന്യൂജെന്നിൻ്റെ ഏറ്റവും വലിയ ദൗത്യം രാഷ്ട്രീയത്തെ മോചിപ്പിക്കുക

നമ്മൾ ജീവിക്കുന്ന കാലത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം .കാരണം രാഷ്ട്രീയം മനുഷ്യൻറെ നിലവിലുള്ള അവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തി മാനുഷികമായ അവസ്ഥയിലേക്ക് പുരോഗമിപ്പിക്കുക എന്നത് തന്നെയാണ് .അല്ലാതെ ഏതെങ്കിലും ചില വ്യക്തികൾക്ക് നേതാവാകാൻ, അല്ലെങ്കിൽ ധനസമ്പാദനത്തിന്, അതുമല്ലെങ്കിൽ ഈ നേതാവിനെ അനുകൂലിക്കുന്നവർക്ക് അനർഹമായ ആനുകൂല്യങ്ങൾനേടിയെടുക്കാനുള്ള ഉപാധിയല്ല രാഷ്ട്രീയം.

 

         എന്നാൽ മാധ്യമങ്ങളും രാഷ്ട്രീയ രൂപീകരണ നേതാക്കളും സ്വാർത്ഥ തൽപ്പരരായ രാഷ്ട്രീയക്കാരും രാഷ്ട്രീയത്തെ ആ നിലയിലേക്ക് ഉറപ്പിച്ചു കഴിഞ്ഞു .ഈ അടിത്തറയിൽ നിന്നുകൊണ്ടാണ് ആദർശത്തിന്റെ ആൾരൂപം എന്ന് മാധ്യമങ്ങളാൽ കൊട്ടിഘോഷിക്കപ്പെടുന്ന ചില നേതാക്കൾ "എല്ലാത്തിലും രാഷ്ട്രീയം കാണരുത് "എന്ന് പറയുന്നത്. ഇത് രാഷ്ട്രീയത്തിന്റെ യഥാർത്ഥ സർഗാത്മകതയെയും ലക്ഷ്യത്തെയും ബോധപൂർവ്വം മറച്ചുവെച്ച് തങ്ങളുടെ അസുരക്ഷിതത്വത്തിൽ നിന്ന് രക്ഷ നേടുവാനുള്ള സൂത്രപ്പണിയാണ്.

 

      ഇപ്പോൾ നടക്കുന്ന ഓരോ പ്രസ്താവനകളും പ്രതിപ്രസ്താവനകളും നോക്കിയാൽ ഈ ഘടകത്തെ ശരാശരി നേത്രങ്ങൾ കൊണ്ട് അനായാസം കാണാൻ പറ്റും. ഇതിനെ അവലംബിച്ചാണ് മാധ്യമങ്ങൾ നിലനിന്ന് ഉപജീവനം നടത്തുന്നത് .

 

            ഈ വർത്തമാന അവസ്ഥയിൽ  നിന്നും രാഷ്ട്രീയത്തെ മോചിപ്പിക്കുക എന്നതാണ് പുതുതലമുറയിൽ നിക്ഷിപ്തമായിട്ടുള്ള പ്രാഥമികമായ സാമൂഹിക ഉത്തരവാദിത്വം. അവർക്ക് മാറുന്ന ലോകത്തെ അനായാസം തിരിച്ചറിയാൻ കഴിയും. അതോടൊപ്പം എന്താണ് മാറ്റം എന്നും എങ്ങനെയാണ് മാറ്റമെന്നും പുതുതലമുറയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ അതിൻറെ ഗതിവികതകളെ അവരെപ്പോലെ മറ്റാർക്കും ബോധ്യമാകില്ല .കാരണം അവരും അതിൻറെ ഭാഗമാണ്.

 

Ad Image