ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിതാ ബാനര്‍ജിയെ അഫ്ഗാനിസ്താനില്‍ ഭീകരര്‍ വെടിവച്ചു കൊന്നു. വീട്ടില്‍ അതിക്രമിച്ച് കടന്ന തീവ്രവാദികള്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം സുഷ്മിതയെ കൈകള്‍ ബന്ധിച്ച് വീടിന് പുറത്തെത്തിച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. കാബൂളിനടുത്ത് പക്തിക പ്രവിശ്യയിലെ വീടിനടുത്തു വെച്ചാണ് സുഷ്മിതയ്ക്ക് വെടിയേറ്റത്.
ഇന്ത്യക്കാരിയായ ഇവര്‍ അഫ്ഗാന്‍ സ്വദേശിയായ ജാന്‍ബാസ് ഖാനെ വിവാഹം കഴിച്ച് കുറച്ച് വര്‍ഷമായി അഫ്ഗാനില്‍ താമസിച്ചു വരികയായിരുന്നു. ഒരിക്കല്‍ താലിബാന്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് സുഷ്മിത. പിന്നീട് ഈ അടുത്ത കാലത്താണ് അവര്‍ വീണ്ടും അഫ്ഗാനിലേക്ക് താമസം മാറിയത്.
താലിബാന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് കാബൂളിവാലാര്‍ ബംഗാളി ബൗ (കാബൂളിവാലയുടെ ബംഗാളി ഭാര്യ) എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. ഇതിനെ ആസ്പദമാക്കി ബോളിവുഡില്‍ ‘എസ്കേപ് ഫ്രം താലിബാന്‍’ എന്ന സിനിമയും പുറത്തിറങ്ങി.