Skip to main content

നേമം ചര്‍ച്ചകള്‍ വഴിമുട്ടുന്നു. 11 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് പുതുപ്പള്ളിയിലാണെന്നും ഇനി മല്‍സരിക്കുന്നെങ്കില്‍ അതും പുതുപള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി. 50 വര്‍ഷത്തിലേറെയായി ജനവിധി തേടിയത് പുതുപ്പള്ളിയില്‍ നിന്നാണ് മറ്റ് മണ്ഡലങ്ങളെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നേമത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതോടെ ഇനിയാരെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും നേമത്ത് മല്‍സരിക്കാനുള്ള സാധ്യത കുറവാണ്. കെ മുരളീധരന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും എം.പിമാര്‍ മല്‍സരരംഗത്ത് വേണോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.  

നേമം ഏറ്റെടുക്കരുതെന്ന സമ്മര്‍ദം എ ഗ്രൂപ്പ് ശക്തമാക്കിയതായാണ് വിവരം. രാഷ്ട്രീയ സാഹചര്യം പണ്ടുണ്ടായിരുന്നത് പോലെ അല്ല നേമത്ത് നിലവിലുള്ളത്. കരുത്തനായ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയാല്‍ തന്നെ എതിരാളികള്‍ ഒരുമിച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചേക്കുമെന്ന മുന്നറിയിപ്പും ആശങ്കകളുമെല്ലാം ഗ്രൂപ്പ് ചര്‍ച്ചകളില്‍ സജീവവുമാണ്. 

വൈകിട്ട് ആറിനാണ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുക്കുമെന്നത് ശ്രദ്ധേയമാണ്.

Tags