Skip to main content

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ഇടതുപക്ഷ ജനാധിപത്യ മുന്നണിയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ഇപ്പോള്‍ പ്രകടമാവുന്ന അവസ്ഥ. ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പിനെ നയിക്കുന്ന നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതും ശശി തരൂരിനെ പ്രകടനപത്രിക തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതും വളരെ വ്യക്തമായ ഊര്‍ജം കേരളത്തിലെ കോണ്‍ഗ്രസിന് പകരുന്നതിന് കാരണമായിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ പോലും നേതൃനിരയിലേക്ക് ഇറക്കി പരീക്ഷിക്കാന്‍ ശേഷിയുള്ള ഒരു നേതാവാണ് ശശി തരൂര്‍. അദ്ദേഹത്തിന്റെ വ്യക്തിത്വം, ഓരോ വിഷയങ്ങളിലുമുള്ള അറിവ്, അത് അവതരിപ്പിക്കുന്നതിനുള്ള കഴിവ്, അനാവശ്യ പിടിവാശി ഇല്ലായ്മ, ലോക രാഷ്ട്രീയത്തിലുള്ള പരിചയം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ അദ്ദേഹത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ഇത് തന്നെയാണ് യുവാക്കളുടെ ഇടയില്‍ അദ്ദേഹത്തിന് ഇത്രയും സ്വീകാര്യത ലഭിക്കാനുള്ള കാരണവും. കേരളത്തില്‍ സൂപ്പര്‍താരങ്ങളേക്കാള്‍ താരപരിവേഷമുള്ള മലയാളി എന്ന് പറയുന്നത് ശശി തരൂര്‍ തന്നെയാണ്. ആ ഒരു തുറുപ്പുചീട്ടിനെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുകയാണ്. 

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ആത്മാര്‍ത്ഥശ്രമം ആരംഭിച്ചിരിക്കുന്നു എന്നത് വസ്തുതയാണ്. അതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി കളി തുടങ്ങുകയും ചെയ്തു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ മുന്‍പിലുള്ള ശബരിമല വിഷയം പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പിയേയും എന്‍.ഡി.എയേയും ഇടതുപക്ഷ മുന്നണിയേയും ഒറ്റപ്രയോഗം കൊണ്ട് ഉമ്മന്‍ചാണ്ടി പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ യുവതി പ്രവേശനം നിലവിലുള്ള അവസ്ഥയില്‍ അനുവദിക്കേണ്ട എന്ന വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീംകോടതിയില്‍ നിന്നുള്ള സത്യവാങ്മൂലം കൊടുത്തത്. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത് യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആണെങ്കില്‍ സുപ്രീംകോടതിയില്‍ ശബരിമല വിഷയത്തില്‍ ഈ നിലപാട് തന്നെ സ്വീകരിക്കും എന്നതില്‍ സംശയമില്ല. 

ശബരിമല വിഷയത്തില്‍ ഇനിയെത്ര തന്നെ തലകുത്തി മറിഞ്ഞാല്‍ പോലും മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുപക്ഷ മുന്നണിക്കോ കേരള ജനതയുടെ ഇടയില്‍ വിശ്വാസ്യത നേടിയെടുക്കുക പ്രയാസമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഒരു മുഖ്യ അജണ്ടയായി മാറുന്നു എന്നതിന്റെ സൂചനയാണ് ഇത്. അഴിമതിയ്ക്ക് തിരഞ്ഞെടുപ്പ് അജണ്ടയായി മാറാനുള്ള ശേഷി ഇല്ലാതെയായി കഴിഞ്ഞു. കാരണം സോളാര്‍ കേസിനേക്കാള്‍ ഗുരുതരമായ അഴിമതിയാണ് സ്വര്‍ണ്ണക്കടത്തും അതിന് അനുബന്ധമായി വന്നിട്ടുള്ള കേസുകളും. അതിനാല്‍ തന്നെ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ അഴിമതി വിഷയമാവാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ട് വന്ന് കഴിഞ്ഞാല്‍ ബി.ജെ.പിക്ക് ജയം സാധ്യതയില്ലാത്ത സ്ഥാലങ്ങളിലെ വോട്ടുകള്‍ ഐക്യജനാധിപത്യ മുന്നണിക്ക് നേടിയെടുക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഒരുപക്ഷെ കേരളം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും ഇനി നടക്കാന്‍ പോകുന്നത് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.