പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി നരേന്ദ്ര മോദി ഇന്ത്യയിലെ മാദ്ധ്യമപ്രവര്‍ത്തകരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്താണ് 400-ഓളം വരുന്ന ക്ഷണിക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ദീപാവലി മിലന്‍ എന്ന പേരില്‍ ചായസല്‍ക്കാരം ഒരുക്കിയത്.
സ്വച്ഛ ഭാരതം പരിപാടിയെ കുറിച്ചാണ് പ്രധാനമായും മോദി ലഘുവായ അഭിസംബോധനയില്‍ സംസാരിച്ചത്. ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബി.ജെ.പി, ആര്‍.എസ്.എസ്. നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മാദ്ധ്യമപ്രവര്‍ത്തകരുമായി പരിമിതമായ ബന്ധം മാത്രം പുലര്‍ത്തുന്ന രീതിയാണ് മോദി സ്വീകരിച്ചിട്ടുള്ളത്. വിദേശയാത്രകളില്‍ പ്രധാനമന്ത്രിയുടെ വിമാനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരേയും കൊണ്ടുപോകുന്ന പതിവ് മോദി അവസാനിപ്പിച്ചിരുന്നു. തന്റെ ജപ്പാന്‍, യു.എസ് സന്ദര്‍ശനങ്ങള്‍ക്കും ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിംഗിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനും മുന്നോടിയായി അതത് രാജ്യങ്ങളില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകരുമായി മാത്രമാണ് മോദി കൂടിക്കാഴ്ച നടത്തിയത്.