Skip to main content

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ആയി നിലവില്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയ ഉര്‍ജിത് പട്ടേലിനെ നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി തീരുമാനിച്ചു. നിലവില്‍ ഗവര്‍ണര്‍ ആയ രഘുറാം രാജന്‍റെ കാലാവധി സെപ്തംബര്‍ നാലിനാണ് തീരുന്നത്. 53-കാരനായ പട്ടേല്‍ കേന്ദ്ര ബാങ്കിന്റെ ഇരുപത്തിനാലാമത്തെ ഗവര്‍ണര്‍ ആയിരിക്കും.  

 

പദവിയില്‍ വീണ്ടും തുടരാന്‍ താല്‍പ്പര്യമില്ലെന്ന് രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കാബിനറ്റ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

യു.എസിലെ യേല്‍ സര്‍വ്വകലാശാലയില്‍ നിന്ന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പട്ടേല്‍ ലണ്ടന്‍ സര്‍വ്വകലാശാല, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല എന്നിവിടങ്ങളിലും പഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണ്യ നിധി, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പട്ടേല്‍ പണപ്പെരുപ്പം സംബന്ധിച്ച വിഷയങ്ങളില്‍ വിദഗ്ദ്ധനായാണ്‌ അറിയപ്പെടുന്നത്.