സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനിയെ ചൊവ്വാഴ്ച മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കും. കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഅദനിയെ തിങ്കളാഴ്ച ആശുപതിയില്‍ പ്രവേശിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൂടെ നില്ക്കാന് ഭാര്യ സൂഫിയാ മഅദനിക്ക് എറണാകുളത്തെ എന്‍.ഐ.എ. കോടതി അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നേരത്തെ അദ്ദേഹത്തിന് ഒരാഴ്ചത്തെ ചികിത്സ നല്‍കിയിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പരിചരിക്കാന്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സുപ്രീം കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. കാഴ്ച തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് മഅദനിയെ അഗര്‍വാള്‍ കണ്ണാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ നേത്രചികിത്സ നടത്തിയിരുന്നില്ല. ചികിത്സ നടത്തുന്നതിനായി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് മഅദനിക്ക് വിദഗ്ധ ചികിത്സ നല്കാന് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.