സെലൻസ്കിയുടെ യുദ്ധം റഷ്യയോടും അമേരിക്കയോടും

യുക്രൈനുള്ള മിലിട്രി സഹായം അമേരിക്ക നിർത്തിവച്ചതോടെ സെലൻ സ്കി ഇപ്പോൾ ഫലത്തിൽ യുദ്ധം ചെയ്യുന്നത് അമേരിക്കയോടും റഷ്യയോടുമാണ്. അമേരിക്കൻ പ്രസിഡൻറ് റൊണാൾഡ് ട്രംപ് സെലൻസ്കിയെ ശത്രുവായി പ്രഖ്യാപിച്ച അവസ്ഥയിൽ . ഒരർത്ഥത്തിൽ യുക്രെയിന് എതിരെയുള്ള യുദ്ധത്തിൽ റഷ്യയോടൊപ്പം അമേരിക്കയും ചേരുന്ന കാഴ്ച.
താൻ സമാധാനത്തിനു വേണ്ടിയാണ് മിലിട്ടറി ഉപകരണ വിതരണം നിർത്തിവെച്ചതെന്ന് ട്രംപ് പറയുന്നു. എന്നാൽ യുക്രെയിനെ കടുത്ത സമ്മർദ്ദത്തിൽ ആക്കി ഒന്നുകിൽ പരാജയം ഏറ്റു വാങ്ങിക്കാനുള്ള അവസ്ഥയിലേക്ക് തള്ളിനീക്കുക, അല്ലെങ്കിൽ ട്രംപ് നിശ്ചയിക്കുന്നയുദ്ധം നിർത്തൽ കരാറിലേക്ക് സെലൻസ്കിയെ കൊണ്ടുവരിക.
റഷ്യൻ പ്രസിഡൻറ് വ്ളാദിമർ പുടിൻ അമേരിക്കയുടെ നടപടിയെ അങ്ങേയറ്റം ആവേശത്തോടെ സ്വാഗതം ചെയ്തു.സമാധാനത്തിലേക്ക് നീങ്ങുന്നതിനുള്ള ക്രിയാത്മകമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് പുടിൻ പറഞ്ഞിരിക്കുന്നത്.
സലൻസ്കിയുടെ നയതന്ത്ര ചാതുര്യമില്ലായ്മയാണ് പ്രശ്നം ഇത്രയും വഷളാകാൻ കാരണം. വികാരത്തിനടിപ്പെട്ട് ഒരു തരം പക്വതയില്ലായ്മയാണ് സെലൻസ്കി ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രകടമാക്കിയത്. അത് ട്രംപിന് കാര്യങ്ങളെ കൂടുതൽ എളുപ്പമാക്കിക്കൊടുത്തു. വൈറ്റ് ഹൗസിൽ നിന്ന് പൊയ്ക്കോളാൻ വരെ ട്രംപ് സെലൻസ്കിയോട് പറയുന്ന സാഹചര്യമെത്തി. ട്രംപിൻ്റെ ലക്ഷ്യം യുക്രൈയിനിലെ അപൂർവ്വ ധാതുമണലാണ്. അതിലേക്കുള്ള വഴിവെട്ടമാണ് അമേരിക്ക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ട്രംപിനെയും കൂട്ടരെയും അവരുടെ താൽപ്പര്യത്തെയും കണക്കിലെടുത്ത് നന്നായി ഗൃഹപാഠം ചെയ്ത് ഒന്നിലധികം സാധ്യതകളെ മുന്നോട്ടു വയ്ക്കും വിധമായിരുന്നു സെലൻസ്കി ട്രംപിനെ കാണാൻ പോകേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു ദയനീയ ചിത്രമാണ് കാണാൻ കഴിഞ്ഞത്. ഇങ്ങനെയൊരു ദുർബലവ്യക്തിയുടെ സാന്നിദ്ധ്യമാകണം ബൈഡൻ ഭരണകൂടത്തിൻ്റെ സ്വാധീനത്തിൽ പെട്ട് യുക്രൈനെ യുദ്ധത്തിലേക്ക് കൊണ്ടെത്തിച്ചത് എന്ന് സെലൻസ് കിയെക്കുറിച്ച് ചരിത്രം രേഖപ്പെടുത്താനാണ് സാധ്യത