Skip to main content

രാജ്യം കാശ്മീരിലേക്കും ഒമറിലേക്കും നോക്കട്ടെ

Glint Staff
Omar Abhullah
Glint Staff

ഇന്ത്യൻ രാഷ്ട്രീയം പൊതുവേ സങ്കുചിതമായ സ്വാർത്ഥ താല്പര്യങ്ങളെ മുൻനിർത്തിയാണ് തിരിയുന്നത്. ഈ രാഷ്ട്രീയ സംസ്കാരത്തിൽ മുങ്ങിപ്പോകുന്നത് ശ്രദ്ധ എവിടെയാണോ പതിയേണ്ടത് ആ ഘടകമാണ് . ഇന്നിപ്പോൾ കാശ്മീരിലേക്കും മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ വാക്കുകളിലേക്കും നോക്കുമ്പോൾ തെളിയുന്നത് സങ്കുചിത രാഷ്ട്രീയ പരിഗണനകളെ മറികടന്നുകൊണ്ട് മാനവികതയെ മുന്നോട്ടുവയ്ക്കുന്ന കാഴ്ച.
     കാശ്മീർ ജനത ഒറ്റക്കെട്ടായി ഭീകരവാദത്തെ എതിർക്കുന്നു. ഒരു ദശാബ്ദത്തിന് മുമ്പ് പട്ടാള വാഹനങ്ങൾക്ക് പോലും കല്ലേറു  കൊള്ളാതെ നീങ്ങാൻ പറ്റാത്ത കാശ്മീരിൽ ഇന്ന് ഒറ്റയ്ക്കും കൂട്ടവുമായി ജനങ്ങൾ വന്നു ഇന്ത്യക്കാരൻ എന്ന ബോധത്തിൽ ഭീകരതയ്ക്കെതിരെ സംസാരിക്കുന്നു. കാശ്മീരിൽ വന്ന മാറ്റങ്ങൾ അവരുടെ ജീവിതത്തെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കു വഹിച്ചത് അവർക്ക് ബോധ്യമായി . അതിൻറെ വെളിച്ചത്തിലാകണം ജീവിതയാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി കാശ്മീർ ജനത ഈ മാറ്റത്തിലേക്ക് ഉയർന്നത്. 
      അതെ പ്രതിഫലനമാണ് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ തിങ്കളാഴ്ച നിയമസഭയിൽ നടത്തിയ പ്രസംഗം വ്യക്തമാക്കുന്നത്. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ഇരകളുടെ കുടുംബത്തോട് മാപ്പിരക്കാൻ വാക്കുകളില്ല. തുടക്കം മുതൽ സംസ്ഥാന പദവി കേന്ദ്രസർക്കാരിനോട് താൻ ആവശ്യപ്പെടുന്നുണ്ട്. ഇന്നത്തെ നിലയിൽ എങ്ങനെ ആ ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ കഴിയും.പറ്റില്ല. അതിനുള്ള സാഹചര്യത്തിന് കാത്തിരിക്കേണ്ടി വരുന്നു. ഈ രീതിയിലാണ് ഒമർ അബ്ദുള്ള തൻറെ പ്രസംഗം നിയമസഭയിൽ നടത്തിയത്. 
        മനുഷ്യത്വത്തെയും സാമൂഹിക ജീവിതത്തെയും ഉയർത്തിക്കാട്ടുന്ന പ്രതികരണങ്ങളാണ് കാശ്മീർ ജനതയും കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ലോകത്തിൻറെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കേന്ദ്ര ബിന്ദുവിലേക്ക് ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ കക്ഷികളും സാമൂഹിക പ്രവർത്തകരും നോക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.