കലോത്സവ വേദിക്ക് പിന്നിലെ ചരട്‌വലി

Glint Desk
Thu, 28-11-2019 02:45:45 PM ;

 

ഇതൊരു ജഡ്ജിന്റെ കഥയാണ്. യുവജനോത്സവങ്ങളില്‍ സംഗീത മത്സരത്തിന്റെ ജഡ്ജായിരുന്ന സംഗീതജ്ഞന്റെ കഥ. യുവജനോത്സവം എന്ന് കേട്ടാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് പനിവരുന്ന അവസ്ഥയാണ്. അതിനാല്‍ എത്ര കനകക്കട്ടി കൊടുക്കാമെന്ന് പറഞ്ഞാലും ഈ ജഡ്ജ് ആ ഭാഗത്തേക്കില്ല. ഇക്കുറിയും സമ്മര്‍ദ്ദം വന്നിട്ട് സ്നേഹപൂര്‍വം ഈ സംഗീതജ്ഞന്‍ ആ ജഡ്ജ് പദവി നിരസിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവം ഇങ്ങനെ.

അദ്ദേഹവും മറ്റ് രണ്ട് സംഗീതജ്ഞരും കൂടി കര്‍ണാടക സംഗീതത്തിന്റെ ജഡ്ജ്മാരായി യുവജനോത്സവ വേദിയിലെത്തുന്നു. സംഘാടകരിലെ ഒരു പ്രമുഖന്‍ ഇതിനിടെ ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരുടെ അടുത്ത് വന്ന് ചട്ടം കെട്ടി. വലതു കൈയില്‍ ചുമന്ന ചരട് കെട്ടിയ ഒരു മത്സരാര്‍ത്ഥി പെണ്‍കുട്ടിയുണ്ടാകും അതിനുവേണം ഒന്നാം സമ്മാനം. എല്ലാവര്‍ക്കും ഗുണമുള്ള കാര്യം തന്നെ. ചുവപ്പ് ചരട് രണ്ടുവള്ളിയായിട്ടാണ് കെട്ടിയിട്ടുള്ളതെന്നും അദ്ദേഹം ഈ ജഡ്ജിമാരോട് പറഞ്ഞു. കാരണം ഒരു കാരണവശാലും ആശയക്കുഴപ്പം ഉണ്ടാകാന്‍ പാടില്ല. മത്സരം തുടങ്ങി. അഞ്ചാം നമ്പരായി വന്ന പെണ്‍കുട്ടി അതിമനോഹരമായി തോടി രാഗത്തില്‍ ത്യാജരാജ സ്വാമികള്‍ ചിട്ടപ്പെടുത്തിയ കീര്‍ത്തനം പാടി. അവര്‍ ആ കുട്ടിയുടെ രണ്ട് കൈകളിലും ശ്രദ്ധിച്ച്  നോക്കി ഇടതുകൈയില്‍ ഒരു വാച്ചല്ലാതെ വേറൊന്നുമില്ല. വാച്ചിനുള്ളിലേക്ക് ചരടെങ്ങാനും  കയറിപോയിട്ടുണ്ടാകുമോ എന്ന ശങ്കയില്‍ അവര്‍ വീണ്ടും വിശദമായി നോക്കി. തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം വലതുകൈയിലെ രണ്ട് വള്ളി ചരടാണ്. എന്നിരുന്നാലും അബദ്ധം പിണയേണ്ട എന്ന് കരുതിയാണ് അവര്‍ ഇടതുകൈയിലെ വാച്ചിന്റെ ഭാഗവും ശ്രദ്ധിച്ചത്. അവര്‍ക്ക് മനസ്സിലായി അഞ്ചാം നമ്പരുകാരിയല്ല ആ കുട്ടിയെന്ന്. ഇത്ര മനോഹരമായി മറ്റു മത്സരാര്‍ത്ഥികള്‍ പാടുമോ എന്നുള്ള ആശങ്കയും ജഡ്ജുമാരില്‍ ഉദിച്ചു. ഒടുവില്‍ വലതുകൈയിലെ ചുവപ്പ് ചരടുമായി പതിനെട്ടാം നമ്പറുക്കാരിയെത്തി  അഞ്ചാം നമ്പറുക്കാരി പാടിയ അതേ കീര്‍ത്തനം തന്നെയാണ് ചരടുകാരിയും പാടുന്നത്. രണ്ടുപേരുടെയും പാട്ട് തമ്മില്‍ അന്തരം അജവും ഗജവും തമ്മിലെന്ന പോലെ. ചരടുകാരിയുടെ പാട്ടിന് സൗകുമാര്യം കുറയാന്‍ കാരണം ഒരു തെറ്റ് പിണഞ്ഞു. ഒടുവില്‍ മൂന്ന് ജഡ്ജിമാരുടെയും വിധി ഒരുപോലെ വന്നു. ഒന്നാം സമ്മാനം ആഞ്ചാം നമ്പരുകാരിക്ക്. 

ഫലപ്രഖ്യാപനം കഴിഞ്ഞ് ഉടനെ തന്നെ ഏതാണ്ട് ആറടി നീളമുള്ള നാല്‍പതിനും നാല്‍പത്തഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും ഏതാനും ആണുങ്ങളും ജഡ്ജിമാരുടെ സമീപത്തെത്തി. വന്നപാടെ അസഭ്യവര്‍ഷം നടത്തിക്കൊണ്ട് ജഡ്ജിമാരെ ഈ സ്ത്രീ ആക്ഷേപിച്ചു. ജഡ്ജിമാര്‍ പണം വാങ്ങിയാണ് ഒന്നാം സമ്മാനക്കാരിയെ നിശ്ചയിച്ചതെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. അവരോടൊപ്പമുണ്ടായിരുന്ന ആണുങ്ങള്‍ അവര്‍ക്ക് പക്കമേളമായി. എന്തെങ്കിലും മിണ്ടിയാല്‍ അടിവീഴുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ചരടുകാരിയുടെ സംഗീത അധ്യാപികയാണ് ഈ സ്ത്രീ. അവര്‍ ജഡ്ജിമാരോട് ചോദിച്ചു എന്താണ് തന്റെ കുട്ടിയുടെ പോരായ്മ. അഞ്ചാം നമ്പരുകാരിയും പതിനെട്ടാം നമ്പരുകാരിയും ഒരേ രാഗത്തില്‍ ഒരേ കീര്‍ത്തനം തന്നെയല്ലേ ചൊല്ലിയതെന്ന് ചോദിച്ചുകൊണ്ടായിരുന്നു അവരുടെ ആക്രോശം. അതിനു മറുപടി നമ്മുടെ കഥാ നായകന്‍ ജഡ്ജാണ് പറഞ്ഞത്. തോടി രാഗത്തില്‍ ത്യാഗരാജ സ്വാമികള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ആ കീര്‍ത്തനം രണ്ട് കളയിലാണ്, രണ്ട് കളയില്‍  പാടേണ്ട ആ കീര്‍ത്തനം നിങ്ങളുടെ കുട്ടി പാടിയത് ഒരു കളയിലും. ഏതാണ്ട് ആദ്യമായി കേള്‍ക്കുന്ന സംഗതി പോലെ ആ സംഗീത അധ്യാപിക ഇത് കേട്ടിട്ട് വീണ്ടും ആക്രോശം തുടര്‍ന്നു. മനപ്പൂര്‍വ്വമാണ് തന്റെ കുട്ടിക്ക് സമ്മാനം കൊടുക്കാത്തതെന്നാണ് അപ്പോഴും അവര്‍ ആക്രോശിച്ചത്. അവര്‍  തങ്ങളെ കൈവയ്ക്കുമോ എന്ന് ജഡ്മാര്‍ക്ക് സംശയം തോന്നി, അവര്‍ കിട്ടിയ അവസരത്തില്‍ അവിടെ നിന്ന് ഓടി പുറത്ത് വന്നു. അതോട് കൂടി താനിനി ഒരിക്കലും യുവജനോത്സവ വേദിയില്‍ ജഡ്ജായി പോവില്ലെന്ന് ഈ സംഗീതജ്ഞന്‍ തീരുമാനിച്ചു. 
യുവജനോത്സവത്തിന്റെ വാര്‍ത്തകള്‍ ടെലിവിഷനില്‍ കാണുമ്പോഴും പത്രത്തില്‍ വായിക്കുമ്പോഴും ഒക്കെ തല്ലുകൊള്ളാതെ രക്ഷപെട്ട ആ നിമിഷമാണ് ഓര്‍ക്കുന്നതെന്ന് ആ ജഡ്ജ് പറയുന്നു. തങ്ങളുടെ കുട്ടിയ്ക്ക് സമ്മാനം വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് ചില സംഗീത അധ്യാപകര്‍ വന്‍ തുക കൈപ്പറ്റും. അതില്‍ ഒരംശം ചിലര്‍ സംഘാടകരുമായി ബന്ധപ്പെട്ടവര്‍ക്കോ ചിലപ്പോള്‍ നേരിട്ടോ കൊടുത്തെന്നും ഇരിക്കും. ഇത്തരം സാഹചര്യങ്ങളാണ് സമ്മാനം കിട്ടാതെ വരുമ്പോള്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്നും ഈ സംഗീതജ്ഞന്‍ പറയുന്നു. കാസര്‍ഗോട്ടെ  അറുപതാം യുവനോത്സവ വേദിയില്‍ ഇത്തരത്തിലുള്ള സംഘര്‍ഷമൊന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. പുത്തന്‍ പ്രതിഭകള്‍ക്കായി കാത്തിരിക്കുകയും ആകാം.

 

 

Tags: