വാട്‌സാപ്പ് ചടവ്

Glint staff
Mon, 23-04-2018 03:30:00 PM ;

girl-whatsapp

സി.ബി.എസ്.സി പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ശേഷം അവധിയാഘോഷിക്കുന്ന പെണ്‍കുട്ടി. ആഘോഷം എന്നു പറയുന്നത് ഉചിതമാവില്ല. കാരണം, കിടന്നുകൊണ്ട് മൊബൈലിലൂടെയുളള ആഘോഷമാണ്. സന്ധ്യയ്ക്ക് വീട്ടില്‍ അതിഥികളെത്തി. കുട്ടിയുടെ അച്ഛന്‍ വീട്ടിലില്ല. ബെല്ലടി കേട്ടിട്ടും പെണ്‍കുട്ടിയുടെ കിടത്തത്തിലോ മൊബൈല്‍ നോട്ടത്തിലോ മാറ്റമില്ല. അതറിയാവുന്ന അമ്മ അടുക്കളയില്‍ നിന്ന് ഓടിപ്പിടച്ചു വന്ന് കതക് തുറന്നു. തന്റെ അകന്ന ബന്ധുക്കളാണ്. വളരെ നാളുകള്‍ക്ക് ശേഷം കാണുകയാണ്. വിവരങ്ങളെല്ലാം പരസ്പരം അറിയാം പക്ഷേ നേരിട്ട് അധികം കാണാറില്ല. പരസ്പരം വളരെ സ്‌നേഹവുമാണ്. വീട്ടുകാര്യങ്ങളെല്ലാം സംസാരിച്ചു. മൂത്ത മകന്‍ ബിറ്റ്‌സ് പിലാനിയില്‍ എഞ്ചിനീയറിംഗിനു പഠിക്കുന്നു. മോളും പഠിക്കാന്‍ മിടുക്കിയാണ്. പ്ലസ് ടു കഴിഞ്ഞിട്ട് എന്തിനു വിടണമെന്നുളള കൂലങ്കഷമായ ചിന്തയിലാണ് കുടുംബാംഗങ്ങള്‍ മുഴുവന്‍. തങ്ങളുടെ അന്വേഷണം വന്ന ബന്ധുക്കളുമായും കുട്ടിയുടെ അമ്മ പങ്കുവച്ചു.
        

 

മകളുടെ മികവിനെക്കുറിച്ച് അമ്മയ്ക്ക് നല്ല മതിപ്പാണ്. വൈദ്യശാസ്ത്ര രംഗത്തേക്ക് പോകാന്‍ കുട്ടിക്ക് താല്‍പ്പര്യമില്ല. എന്‍ട്രന്‍സ് എഴുതിയാല്‍ കിട്ടുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. പക്ഷേ താല്‍പ്പര്യമില്ലാത്തതിനു വിടേണ്ടതില്ലെന്ന് അല്‍പ്പം നഷ്ടബോധത്തോടെ അമ്മ പറഞ്ഞു. അങ്ങനെ അരമുക്കാല്‍ മണിക്കൂറോളം മകളെ കുറിച്ചുള്ള ചര്‍ച്ച നീണ്ടു. ഒടുവില്‍ മകളെവിടെ എന്ന് അതിഥികളായി വന്ന ബന്ധുക്കള്‍ ആരാഞ്ഞു. അതു കേട്ട് അമ്മ അകത്തേക്കു പോയി. കുറച്ച് കഴിഞ്ഞിട്ടും അമ്മയെ കാണാനില്ല. ചിലപ്പോള്‍ അടുക്കളയില്‍ എന്തെങ്കിലും തയ്യാറാക്കുകയായിരിക്കുമെന്ന് അതിഥിബന്ധുക്കള്‍ വിചാരിച്ചു. കുറേ കഴിഞ്ഞ് അമ്മയും മകളും എത്തി. മകള്‍ വന്ന് അമ്മയുടെയടുത്ത് ഭിത്തിയില്‍ ചാരി നിന്നു, ഉറക്ക ചടവില്‍ ബന്ധുക്കളെ നോക്കാതെ അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. കട്ടിലില്‍ കിടക്കുന്ന അതേ ഭാവമായിരുന്നു നില്‍ക്കുമ്പോഴും.
        

 

അല്‍പ്പ സമയത്തിന് ശേഷം മകള്‍ അപ്രത്യക്ഷയായി. സംഭാഷണം നീണ്ടപ്പോള്‍ അമ്മയ്ക്കാണെങ്കില്‍ മകളുടെ പഠനം ഏതു ദിശയിലായിരിക്കണമെന്ന അന്വേഷണത്തില്‍ അതിഥികളില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ കിട്ടിയേക്കാം എന്നൊരു തോന്നല്‍. അങ്ങനെ വൈവിദ്ധ്യമാര്‍ന്ന എഞ്ചിനീയറിംഗിനേക്കാളും മെച്ചപ്പെട്ട ചില കോഴ്‌സുകളെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അവയ്ക്കുള്ള അഖിലേന്ത്യാ മത്സരപ്പരീക്ഷയെപ്പറ്റിയും പരാമര്‍ശം വന്നു. അവയൊക്കെ സാധാരണ എഞ്ചിനീയറിംഗ് മെഡിസിന്‍ എന്‍ട്രന്‍സുപോലെയൊന്നുമല്ല എന്നൊക്കെ പറഞ്ഞുവന്നപ്പോള്‍ അവയെപ്പറ്റി മകളും കേട്ടാല്‍ കൊള്ളാമെന്ന് അമ്മയ്ക്ക് തോന്നി. അമ്മ വീണ്ടും ഉള്ളിലേക്ക് പോയി. പക്ഷേ അപ്പോഴും തിരികെ വരാന്‍ താമസം. വീട്ടില്‍ അവരല്ലാതെ മറ്റാരുമില്ല താനും. കുറേക്കഴിഞ്ഞപ്പോള്‍ മകളെ വലിച്ചിഴച്ച് കൊണ്ടുവരുന്നതു പോലെ അമ്മയെത്തി. മകളുടെ കൈയില്‍ മൊബൈലുമുണ്ട്.
      

whatsapp

'അവള്‍ക്ക് വരാന്‍ വലിയ മടിയായിരുന്നു. എന്തിനാ എല്ലാവരോടും ഇങ്ങനെ ചര്‍ച്ച ചെയ്യുന്നതെന്നും ചോദിച്ച് എന്നെ അവള് വഴക്കു പറയുകയായിരുന്നു' അകന്നബന്ധമാണെങ്കിലും അടുപ്പത്തിന്റെ ഊഷ്മളതയില്‍ അമ്മ പറഞ്ഞു. എന്തുകൊണ്ടാ അങ്ങനെ തോന്നിയതെന്ന് അതിഥിയായ ആണ്‍ബന്ധു ചോദിച്ചു. കഥകളി കലാപ്രതിഭകള്‍ പോലും പരാജയപ്പെടുന്ന വിധത്തിലുള്ള ഭാവങ്ങള്‍ ആ പതിനഞ്ചുകാരിയുടെ മുഖത്ത് വിരിഞ്ഞു. നവരസങ്ങള്‍ക്കപ്പുറമുള്ളതായതിനാല്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമക്കാരിയാണ് കൊച്ചിനിവാസിയായ ഈ പതിനഞ്ചുകാരിയുടെ അമ്മ.  ആണ്‍ബന്ധുവും പെണ്‍ബന്ധുവും മാറി മാറി കൗമാരക്കാരിയുമായി സംസാരിച്ചു.  ചുണ്ടുകള്‍ക്കുള്ളില്‍ പല്ലുണ്ടോ എന്നുപോലും അറിയാന്‍ കഴിയുന്നില്ല.

 

സംഭാഷണം നീണ്ടുപോയപ്പോള്‍ ആണ്‍അതിഥി ചോദിച്ചു,' വീട്ടില്‍ വരുന്നവരെ കണ്ടുകഴിയുമ്പോഴല്ലേ കാണുന്നതില്‍ ഗുണമുണ്ടോ ദോഷമുണ്ടോ എന്നൊക്കെ അറിയുക' . പെട്ടെന്ന് മിസ് കൗമാരത്തിന്റെ മുഖത്ത് വിസ്മയം. കണ്ണുകള്‍ ബുള്‍സ് ഐ.

 

മിസ് കൗമാരം: ദോഷമോ?
ആണ്‍ബന്ധു: ദോഷം , ആ വാക്ക് കേട്ടിട്ടില്ലേ?
മി.കൗ: കേട്ടിട്ടുണ്ട്. പക്ഷേ അത് ദൈവവുമായി റിലേറ്റഡല്ലേ
ഉടന്‍ ആണ്‍ബന്ധു ദോഷം എന്ന വാക്കിന്റെ ആംഗലേയ പരിഭാഷ നല്‍കി. അപ്പോള്‍, ഓഹോ അങ്ങനെയുമുണ്ടോ അതിനൊരു മീനിംഗ് എന്നായി മിസ് കൗമാരം. പെട്ടെന്ന് അമ്മ ഇടപെട്ടു.' അവള്‍ക്ക് മലയാളം അറിയാമെങ്കിലും അത്ര പോരാ. അതുകേട്ടപ്പോള്‍ മിസ് കൗമാരത്തിന്റെ മുഖത്ത് നവരസത്തിനു പുറത്തുള്ള രണ്ട് ലോഡ് പുഛം. മലയാളം എഴുതാനും വായിക്കാനുമൊന്നറിയില്ലേ എന്ന് ആണ്‍ബന്ധു ചോദിച്ചപ്പോള്‍ വായിക്കാനൊക്കെ അറിയാം എന്ന് മിസ് കൗമാരം അറിയിച്ചു. അങ്ങനെ സംഭാഷണം നീണ്ടുപോയപ്പോള്‍ മിസ് കൗമാരം ചിരിച്ചു. ചിരിച്ചപ്പോള്‍ നല്ല സുന്ദരി. പണിഞ്ഞു വച്ചപോലെയുള്ള പല്ലുകള്‍. വിടര്‍ന്ന മുഖം. പിന്നെ മിസ് കൗമാരം മെല്ലെ ഭിത്തിയില്‍ നിന്ന് ചാര് ഒഴിവാക്കി നേരേ നിന്നു . ഇടയ്ക്കിടയ്ക്ക് ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അത്യാവശ്യം മിടുക്കിയായിട്ടു തന്നെ സംസാരിച്ചു. ബന്ധുക്കളോടും ചോദ്യം ചോദിച്ചു തുടങ്ങി. പിന്നെ സംഭാഷണം നീണ്ടു പോയി. കുറേ കഴിഞ്ഞപ്പോള്‍ മകളുടെ സംഭാഷണം നോക്കി അമ്മ മൗനിയായി.
        

 

മലയാളഭാഷയ്ക്ക് അനശ്വരമായ സംഭാവന നല്‍കിയ മഹാപ്രതിഭകളുടെയും സാഹിത്യകുലപതികളുടെയും നാടാണ് മിസ് കൗമാരത്തിന്റെ അമ്മയുടേത്. അവരുടെ ഭാഷ കേള്‍ക്കുമ്പോള്‍ ആ കൃതികളുടെ ലാഞ്ചന അനുഭവപ്പെടുകയും ചെയ്യും. പക്ഷേ മിസ് കൗമാരത്തിന്റേത് തനി കൊച്ചി തന്നെ നാക്ക്.  ബാലന്‍സില്ലാതെ സൈക്കിള്‍ ചവിട്ടുന്നതുപോലെയാണ മിസ് കൗമാരത്തിന്റെ മലയാളം. കോണ്‍ട്രാക്ടറും എഞ്ചിനീയറുമായ അച്ഛനും അമ്മയുമായും മിസ് കൗമാരം അധികം  സമയം ചെലവഴിച്ചിട്ടില്ലെന്നു വ്യക്തം. വീട്ടില്‍ അതിഥികള്‍ എത്തിയാല്‍ അവരെ വന്ന് സ്വീകരിക്കുന്ന സ്വഭാവമൊന്നും മിസ് കൗമാരം ശീലിച്ചിട്ടില്ല. പഠനത്തെ ബാധിക്കുമെന്നതിനാല്‍ അച്ഛനമ്മമാര്‍ തന്നെ ശീലിപ്പിച്ചതായിരിക്കാം ആ സ്വഭാവം.
         

 

ഒന്നു പറഞ്ഞ് രണ്ടാമത്തതിന് പരിഭവം പറയുന്ന അല്ലെങ്കില്‍ ദേഷ്യപ്പെടുന്ന സ്വഭാവക്കാരിയാണ് മിസ് കൗമാരം. കട്ടിലില്‍ കിടന്നുകൊണ്ട് തന്റെ വാട്‌സാപ്പ് പ്രക്ഷേപണത്തില്‍ വിഘാതമുണ്ടാക്കിയതാകണം മിസ് കൗമാരത്തെ ബന്ധുക്കള്‍ വന്നപ്പോള്‍ ചൊടിപ്പിച്ചത്. മികവോടെ പഠിക്കുന്നതിനാല്‍ പഠനവും മാര്‍ക്കുമാണ് തന്റെ ഉത്തരവാദിത്വം എന്നുള്ള ചിന്ത മിസ് കൗമാരത്തില്‍ ഉറച്ചിട്ടുള്ളതുപോലെ തോന്നി. അത് അച്ഛനമ്മമാര്‍ തന്നെ ആ കുട്ടിയില്‍ ഏല്‍പ്പിച്ചതാണ്. വെക്കേഷന്‍ സമയത്തു മാത്രം ആ സ്വഭാവം മാറണമെന്നു വിചാരിച്ചാല്‍ അതു സാധ്യവുമല്ല.

          

വീടിനുള്ളില്‍ കളിയും ചിരിയുമായി പാറി നടക്കേണ്ട പ്രായമാണ് മിസ് കൗമാരത്തിന്റേത്. മിസ് കൗമാരത്തിന് തന്റെ മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത കാലവും. ഈ കാലത്ത് അവരറിയാതെ അവര്‍ക്കു കൂടി സന്തോഷം പകരുന്ന വിധം അവരുമായി ബോധപൂര്‍വ്വം ചെലവഴിക്കേണ്ട ഉത്തരവാദിത്വമാണ് രക്ഷിതാക്കള്‍ക്കുള്ളത്. എന്തായാലും മിസ് കൗമാരം വാട്‌സാപ്പ് ലോകത്തിലൂടെ അതിരസകരമായ വൈകാരിക തലത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നുള്ളത്  ഉറക്കച്ചടവ് മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു. എത്ര പഠന മികവുണ്ടായാലും പതിനഞ്ചു വയസ്സ് പതിനഞ്ചു തന്നെ. പതിനഞ്ചിലെ അനുഭവം പതിനാലിലും പതിനാറിലും ഉണ്ടാകില്ല. ഓരോ വയസ്സിന്റെയും പ്രത്യേകത അതാണ്. പഠനവും വൈകാരിക ബുദ്ധിയും തമ്മില്‍ ഒരിക്കലും ബന്ധമില്ല. വീട്ടില്‍ വൈകാരികമായ്‌ ഉണര്‍വ്വുള്ള അന്തരീക്ഷമുണ്ടായില്ലെങ്കില്‍ സ്വാഭാവികമായും മനസ്സ് അത് തേടിക്കൊണ്ടിരിക്കും. അതിന് കൗമാരമെന്നോ വാര്‍ദ്ധക്യമെന്നോ വ്യത്യാസമില്ല.

 

വെര്‍ച്വല്‍ ലോകത്ത് സക്രിയവും വ്യവഹാരലോകത്തില്‍ നിഷ്‌ക്രിയവുമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറപ്രതിനിധിയെയാണ് മിസ് കൗമാരം പ്രകടമാക്കിയത്. മനുഷ്യന്‍ ഉള്ളിടത്തോളം കാലം മനുഷ്യന്റെ മനസ്സ് അന്വേഷണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കും അത് എന്തിനെ എന്നതിനെ ആശ്രയിച്ചിരിക്കും ഗതി നിര്‍ണ്ണയം. ആ ഗതിയെക്കുറിച്ച് ശരിയായ ധാരണയുണ്ടായില്ലെങ്കില്‍ ഭാവിയില്‍ കാത്തിരിക്കുന്നത് അശുഭ വാര്‍ത്തകളായിരിക്കും. ആ അശുഭ വാര്‍ത്തകള്‍ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ മിസ് കൗമാരത്തിന്റെ ചേച്ചിമാരിലും ചേട്ടന്മാരിലും വളരെ ശക്തമായി കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ ചേച്ചിമാരെയോ, ചേട്ടന്മാരെയോ, മിസ് കൗമാരത്തെയൊ ഒന്നും അതിനു പഴിച്ചിട്ട് കാര്യമില്ല. ഉത്തരവാദികള്‍ ആരെന്ന് അധികം തലപുണ്ണാക്കാതെ അറിയാവുന്നതേ ഉള്ളൂ.

 

Tags: