ഉത്തരവാദിത്വമില്ലാത്ത മകൻ

Glint Guru
Fri, 19-05-2017 11:30:30 AM ;

 

ഏക മകൻ. വയസ്റ്റ് 13 കഴിഞ്ഞു. ടീനേജ് പ്രതിഭാസത്തെക്കുറിച്ചൊക്കെ അമ്മയ്ക്ക് നല്ല ബോധ്യമുണ്ട്. എന്നിരുന്നാലും ചിലപ്പോൾ മകന്റെ സ്വഭാവം കാണുമ്പോൾ "തല്ലിക്കൊല്ലാൻ" തോന്നും എന്നാണാ അമ്മ പറയുന്നത്. മകന്റെ സ്വഭാവം കണ്ട് കണ്ട് ദേഷ്യം വന്നു കുഴഞ്ഞുവെന്നും അവർ പറയുന്നു. ദേഷ്യം വരാനുള്ള പ്രധാന കാരണം, അമ്മയുടെ അഭിപ്രായത്തില്‍, അയാൾക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നതാണ്. ക്ലാസ്സിലെ പല കാര്യങ്ങളും തന്റെ സുഹൃത്തുക്കളുടെ മക്കളായ അയാളുടെ ക്ലാസ്സിലെ കൂട്ടുകാര് പറഞ്ഞാണ് ഇവർ അറിയുന്നത്. എന്തുകൊണ്ട് വീട്ടിൽ വന്ന് പറഞ്ഞില്ലെന്ന് ചോദിച്ചാൽ ഉത്തരം ഒരു കുലുക്കവുമില്ലാതെ മറന്നു പോയിട്ടാണെന്നു പറയും. "അവന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്കൊക്കെ എന്ത് പക്വതയാണെന്നറിയുവോ. അതു കാണുമ്പോ പെൺകുട്ടി മതിയായിരുന്നു എന്നു തോന്നിപ്പോകും. രാത്രി എട്ടര മണിക്കൊക്കെയാണ് പിറ്റേദിവസം കൊടുക്കേണ്ട പ്രൊജക്ടിന്റെ കാര്യമൊക്കെ പറയുക. അതിന് പല സാധനങ്ങളും കടയിൽ നിന്നു വാങ്ങേണ്ടി വരുന്നതാ. ഒരിക്കൽ ദേഷ്യം വന്നു ഞാൻ പറഞ്ഞു, നീ നാളെ പ്രൊജക്ട് ചെയ്യാതെ പോയാ മതിയെന്ന്. ഒന്നു പഠിക്കട്ടെ എന്നു കരുതി. അപ്പോഴവൻ പറയുകയാണ്, എനിക്ക് പ്രശ്നമൊന്നുമില്ല. ഞാൻ പോകും. പക്ഷേ അമ്മയെ സ്കൂളിലേക്ക് വിളിപ്പിക്കും. അത്രയേയുള്ളുവെന്ന്. അന്നാണെങ്കിൽ അവന്റച്ഛനും സ്ഥലത്തില്ലായിരുന്നു. ഒടുവിൽ രാത്രിയിൽ എന്റച്ഛൻ ഞങ്ങൾ താമസിക്കുന്നതിനടുത്തുള്ള കട തുറപ്പിച്ചു സാധനം വാങ്ങി. എങ്ങനെ ദേഷ്യം വരാതിരിക്കും. എന്തു വന്നാലും അവന് പ്രശ്നമില്ല. കൂളാണ്. ഇങ്ങനെ ഉത്തരവാദിത്വമില്ലാതായാലെങ്ങിനെയാ."

 

തുടക്കത്തിൽ മകനെ കുറിച്ച് അമ്മ കൗതുകത്തിൽ പൊതിഞ്ഞ പരിഭവം പറച്ചിലായിരിക്കുമെന്ന് കരുതി. എന്നാൽ അതല്ല. ഈ അമ്മയെ വല്ലാതെ അലട്ടുന്ന പ്രശ്നമായിട്ടുണ്ട് മകന്റെ പെരുമാറ്റങ്ങൾ. മകന്റെ അച്ഛൻ താൻ ഈ നാട്ടുകാരനല്ല എന്ന നിലപാടിലാണ്. മകന്റെ ക്ലാസ്സിലെ പെൺകുട്ടികൾ വിളിച്ചറിയിച്ചു, പ്രധാനപ്പെട്ട കോച്ചിംഗ് സെന്ററുകളിൽ കണക്കിന്റെയും മറ്റ് സയൻസ് വിഷയങ്ങളുടെയും ക്ലാസ്സ് തുടങ്ങുന്നതിനെക്കുറിച്ച്. പക്ഷേ ഈ പതിമൂന്നുകാരൻ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു, താൻ കോച്ചിംഗ് സെന്ററുകളിലേക്കില്ലെന്ന്. ബന്ധുവായ ബി.ടെക് കഴിഞ്ഞ ഒരു ചേച്ചിയുണ്ട്. അവരുടെയടുത്തു പോയി സംശയമുള്ള കണക്കും ഫിസിക്സും പഠിച്ചു കൊള്ളാമെന്നാണ് തീരുമാനം. ആ തീരുമാനത്തെ മാറ്റിയെടുക്കാനായി അമ്മ അറിയാവുന്ന വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കി. അയാളുടെ മേൽ സ്വാധീനമുള്ള സ്കൂളിലെ ടീച്ചറെക്കൊണ്ടു പോലും പറയിപ്പിച്ചു. പക്ഷേ രക്ഷയുണ്ടായില്ല.

 

ടീനേജ് അഥവാ കൗമാര പ്രായത്തെ താൽക്കാലിക ചിത്തഭ്രമകാലം എന്നാണ് ആധുനിക മന:ശാസ്ത്രം ആലങ്കാരികമായി വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ പതിമൂന്നുകാരൻ തന്റെ പഠനവിഷയത്തിൽ എടുത്തിരിക്കുന്ന തീരുമാനം കൗമാരപ്രായത്തിന്റെ പ്രശ്നങ്ങളുടെ ഭാഗമായി കാണാൻ പറ്റില്ല. എന്നാൽ ആ ശാഠ്യവും തീരുമാനമെടുക്കലുമൊക്കെ ആ പ്രായവുമായി ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നുണ്ട്. അതിബുദ്ധിശാലിയൊന്നുമല്ല പഠിത്തത്തിൽ ഈ കുട്ടി. എന്നാൽ ശരാശരിയേക്കാൾ വളരെ ഉയരത്തിലുമാണ്. അപ്പോൾ കുറച്ച് കോച്ചിംഗ് കൂടുണ്ടെങ്കിൽ നല്ല റിസൾട്ടു കിട്ടും എന്നാണ് അമ്മയുടെ കണക്കുകൂട്ടൽ. ആ കണക്കുകൂട്ടൽ തെറ്റുന്നു. തന്റെ മകന്റെ മാർക്കും പ്രവേശനപ്പരീക്ഷയിൽ കടന്നു കൂടാതെ വരുന്നതുമായ ഭാവിയെ അമ്മ കാണുന്നു. ആ ഭാവിയോർക്കുമ്പോൾ അവരിൽ ആശങ്ക നിറയുന്നു. അതവരിൽ വേദനയെ സൃഷ്ടിക്കുന്നു. ആ വേദനയിൽ നിന്നു രക്ഷപ്പെടാനുള്ള വഴിയാണ് അവരിലുണ്ടാകുന്ന ദേഷ്യം.

 

തന്റെ ആശങ്കയും ഭീതിയും തന്റെ മകനിൽ നിഴലിക്കാത്തതിനെയാണ് അമ്മ ആ കുട്ടിയുടെ ഉത്തരവാദിത്വമില്ലായ്മയായി കാണുന്നത്. ഈ അമ്മയുടെ ഉള്ളിൽ ഉത്തരവാദിത്വത്തോടു ചേർത്തുവച്ച് കാണുന്ന ബിംബത്തെ പരിശോധിക്കുന്നതും രസകരമായിരിക്കും. ശാന്തത കൈവിട്ട് വെപ്രാളവും ഭീതിയുമൊക്കെ പ്രകടിപ്പിച്ച് എന്തോ ഭാരം തലയിൽ വച്ച് നിൽക്കുന്നതു പോലുള്ള അവസ്ഥയെയാണ് ഈ അമ്മ ഉത്തരവാദിത്വമായി കാണുന്നത്. എന്തിലാണ് ഈ കുട്ടിയുടെ താൽപ്പര്യം എന്നത് ഇതുവരെ ഈ അമ്മയുടെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല, അത്തരത്തിൽ ഒരന്വേഷണം ഇതുവരെ ഉണ്ടായിട്ടുമില്ല. പ്ലസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലുടെ കടത്തി വിട്ട് മെച്ചപ്പെട്ട റാങ്ക് വാങ്ങിപ്പിക്കുക എന്ന ലക്ഷ്യമേ അമ്മയുടെ മുന്നിലുള്ളു. ആ സ്വപ്നത്തകർച്ചയുടെ ആഘാതമാണ് അവർ അനുഭവിക്കുന്നത്.

 

എന്നാൽ പരിഭ്രമമില്ലാത്ത ആത്മവിശ്വാസവും തെളിഞ്ഞ ബുദ്ധിയുള്ള കുട്ടിയാണ് തന്റെ മകനെന്ന് അമ്മ മനസ്സിലാക്കാതെ പോകുന്നു. ഈ ആത്മവിശ്വാസം കാരണമാണ് നാടു മുഴുവൻ ഓടുമ്പോൾ അതിലേക്കൊന്നു നോക്കിയിട്ട് നടുവേ ഓടാതെ മാറി നിൽക്കുന്നത്. യാഥാർഥ്യങ്ങളെ തെല്ലും മടിയില്ലാതെ നേരിടാനുള്ള ആർജ്ജവവും ഈ കുട്ടിയിൽ പ്രകടമാണ്. പഠിക്കാൻ ശരാശരിയേക്കാൾ വളരെ മുകളിലും. ഈ കുട്ടിയുടെ വാസന ഏതിലാണെന്ന് അറിയാനൊന്ന് ശ്രദ്ധിച്ചാൽ മതി. ആ വഴിക്ക് അൽപ്പം പ്രോത്സാഹനവും അത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ചകളുമൊക്കെ നടത്തുകയാണെങ്കിൽ ജീവിതത്തിലും കർമ്മമേഖലയിലും അസാധാരണ വൈഭവത്തോടെ ഈ കുട്ടിക്കു മുന്നേറാൻ കഴിയും. ഇതൊന്നുമില്ലെങ്കിലും ഈ കുട്ടി തന്റെ വഴി ഏതാണെന്ന് കണ്ടെത്തി മുന്നേറുമെന്നുള്ളതിനും സംശയം വേണ്ട. ഈ കുട്ടിയുടെ മാനസികാവസ്ഥയിൽ കുട്ടികൾ വളരുമ്പോഴാണ് ആ രാജ്യം മാനവവിഭവശേഷിയിൽ വികാസം പ്രാപിക്കുന്നതും അക്രമങ്ങളും മറ്റ് ഹിംസാത്മക പ്രവൃത്തികളും ഒഴിഞ്ഞു നിൽക്കുന്നതും.

Tags: