Skip to main content

മൂപ്പർ: പറയൂ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

എളമിലാട്ടി: നല്ല വിശേഷങ്ങളല്ല. ഞാൻ കോഴ്‌സ് അവസാനിപ്പിച്ച് തിരിച്ചു വീട്ടിലേക്കു പോകുവാ. വളരെ പ്രതീക്ഷയോടെയാണ് വീട്ടുകാരെല്ലാം വേണ്ടെന്ന് പറഞ്ഞിട്ടും ജേണലിസം കോഴ്‌സിന് ചേർന്നത്.

മൂ: താൻ കരയണമെങ്കില്‍ അല്‍പ്പനേരം കരഞ്ഞോളു. കരച്ചില്‍ വരുമ്പോള്‍ കരയുന്നതാ നല്ലത്.

എ: എനിക്കു ശരിക്കും കരച്ചില്‍ വന്നതാ. ഞാൻ നിർത്തീട്ട് പോകുവാ. വല്ലാത്ത സങ്കടമുണ്ട്.

മൂ: എന്താണിത്ര മനപ്രയാസത്തിന് കാരണം?

എ: ഇവിടെ വരുമ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസമായിരുന്നു. ഇപ്പോള്‍ എനിക്ക് ആത്മവിശ്വസം പോയിട്ട് ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ക്കൂടി പറ്റാതായിരിക്കുന്നു. ഇവിടെ വരുന്നതിനു മുൻപ് ഞാൻ അത്യാവശ്യം വൃത്തിയായി കോംപിയറിംഗൊക്കെ ചെയ്തിരുന്നതാ. ഇനി എനിക്കതു പറ്റുമോന്നറിയില്ല.

മൂ: അതെന്തുപറ്റി. ഇത്ര പെട്ടെന്ന് ഇതെല്ലാം ചോർന്നു പോകാൻ? താങ്കളെ ആരെങ്കിലും മാനസികമായി പീഡിപ്പിച്ചോ.

എ: ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പോകുവാ. എനിക്ക് എന്റെ വയറ്റിലെ എരിച്ചില് സഹിക്കാൻ വയ്യ. ഇപ്പോപ്പോലും എന്റെ വയറ്റില്‍ കിടന്ന്‍ തീ മറിയുന്ന പോലെയാ.

മൂ: പക്ഷേ ഇതെല്ലാം ഇട്ടിട്ട് വീട്ടിലേക്കു പോയാല്‍ പ്രശ്‌നം തീരും എന്നുറപ്പുണ്ടെങ്കില്‍ പോകാവുന്നതാണ്. അതുപോലെ തന്നെ മാധ്യമപ്രവർത്തകയാകാൻ താല്‍പ്പര്യമില്ലെങ്കിലും ഇതവസാനിപ്പിച്ച് പോകാവുന്നതേയുള്ളു.

എ: മാധ്യമപ്രവർത്തനം തൊഴിലായി സ്വീകരിക്കാൻ വേണ്ടിത്തന്നെയാണ് ഈ കോഴ്‌സിനു വന്നത്. ഇവിടെ നിനാള്‍ ആ ആഗ്രഹം നടക്കാൻ സാധ്യതയില്ലെന്നുറപ്പായതുകൊണ്ടാണ് അവസാനിപ്പിച്ച് പോകാൻ തീരുമാനിച്ചത്.

മൂ: ഒരു മാധ്യമപ്രവർത്തകയ്ക്ക് ആദ്യം വേണ്ടത് ഏതു സന്ദർഭങ്ങളേയും നേരിടാനുള്ള കഴിവാണ്. അപ്പോൾ ഇപ്പോഴുണ്ടായിരിക്കുന്ന വിഷമകരമായ അവസ്ഥ താങ്കൾ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന്‍ ആ ദിശയില്‍ കിട്ടുന്ന ഏറ്റവും നല്ല പരിശീലനമാണ്. രണ്ടായാലും പരിശീലനം ലഭിക്കാൻ വന്നതല്ലേ. എന്താണ് ഇത്ര വിഷമമുണ്ടാക്കാനുള്ള കാര്യമെന്ന് ഇതുവരെ പറഞ്ഞില്ല. എന്താണ് ഒരു വൈമുഖ്യം വിഷയം പറയാൻ. എന്തായാലും എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്.

എ: മൂപ്പർക്ക് എന്തുകാര്യത്തിലാ ഉറപ്പ്.

മൂ: വിഷമിപ്പിക്കുന്ന കാര്യം പറയാൻ വിഷമം അനുഭവിക്കുന്നു. അതിനർഥം താങ്കൾക്കു തന്നെ അക്കാര്യത്തില്‍ വേണ്ടത്ര ഉറപ്പില്ല. അതുകൊണ്ട് തുറന്നു പറയാൻ ഒരു മടി.

എ:എങ്കീ ഞാൻ പറയാം. എനിക്ക് ഞങ്ങളുടെ സ്ഥാപനത്തിലെ ചിലരുടെ പക്ഷപാതം തീരെ സഹിക്കാൻ പറ്റുന്നില്ല. എത്ര നന്നായി എന്തു ചെയ്താലും അത് അംഗീകരിക്കില്ല. നമ്മളേക്കാൾ മോശമായി ചെയ്തവർക്ക് വലിയ അപ്രീസിയേഷൻ കൊടുക്കുകയും ചെയ്യും. അതു സഹിക്കാവുന്നതിനപ്പുറമായിരിക്കുന്നു.

മൂ: ഇത്രയോ ഉള്ളോ പ്രശ്‌നം. ഇതു  നിസ്സാരകാര്യമല്ലേ. ഇതിനു പരിഹാരം ഇട്ടെറിഞ്ഞോടലല്ല. ഇട്ടെറിഞ്ഞോടുന്ന പക്ഷം വർത്തമാനകാല മാധ്യമപ്രവർത്തകയാകാനുള്ള യോഗ്യതയായി. യഥാർഥ മാധ്യമപ്രവർത്തകയാകണമെങ്കില്‍ ഈ ഇട്ടെറിഞ്ഞോടാൻ തോന്നുന്ന വികാരത്തെ സ്‌നേഹപൂർവം പരിപാലിച്ച് വളർത്തി പക്വതയോടെ പ്രായപൂർത്തിയാക്കണം.

എ: എന്റമ്മോ, എന്താ മൂപ്പരേയിത്. മനുഷ്യനെ പീഡിപ്പിക്കുന്നതിന് അതിരുണ്ട്. എന്റെ ഓട്ടത്തിന് വേഗം കൂട്ടാൻ നോക്കുവാണോ. മനുഷ്യനു മനസ്സിലാകുന്ന വിധം സംസാരിക്ക്.

മൂ:എന്നാല്‍ കേട്ടോ. ഇവിടെ തന്നെ ആരും കൊച്ചാക്കുന്നതുമില്ല, അവഗണിക്കുന്നതുമില്ല. താൻ ഇവിടെനിന്നോടിപ്പോയാല്‍ എന്താണോ ഓടിപ്പോകാൻ പ്രേരിപ്പിച്ച വികാരം അത് ശക്തമാവുക തന്നെ ചെയ്യും. ഇവിടെനിന്ന്‍ ഓടിപ്പോകാൻ കഴിയുന്നതുകൊണ്ട് അതിനു ശ്രമിക്കുന്നു. അതിന് പറ്റാത്തിടത്ത് വഴക്കടിച്ചും യുദ്ധം ചെയ്തും തീർക്കും. അതു ചിലപ്പോൾ വീട്ടിലാകും അല്ലെങ്കില്‍ മറ്റ് ചിലയിടത്ത്. വീട്ടില്‍പ്പോയാല്‍ അമ്മയുമായി എങ്ങിനെയുണ്ട്?

എ:അമ്മയുമായി നല്ല തല്ല് കൂടാറുണ്ട്. അമ്മയ്ക്ക് അമ്മ പറയുന്നതാ ശരി. ഞാൻ പറയുന്നത് എന്താണെന്ന്‍ കേൾക്കാൻ തന്നെ അമ്മ തയ്യാറാവില്ല.

മൂ: താങ്കളിപ്പോൾ മാധ്യമപ്രവർത്തകയാകാൻ തീരുമാനിച്ചിരിക്കുകയാണ്. അതായത് ജീവിതത്തിന്റെ നേർക്ക് നോക്കി അറിവിന്റെ വെളിച്ചത്തില്‍ കാര്യങ്ങളെ മനസ്സിലാക്കി സമൂഹവുമായി സംവദിക്കുന്ന വലിയ ഉത്തരവാദിത്വമാണിഷ്ടാ ഈ മാധ്യമപ്രവർത്തനം. വേണമെങ്കില്‍ പെട്ടെന്ന് നല്ല റേറ്റിംഗ് കിട്ടാൻ സാധ്യതയുള്ള പരിപാടികൾ ടെലിവിഷനിലും മറ്റും ഒപ്പിക്കാൻ പറ്റിയ യോഗ്യതയാണിപ്പോഴുളളത്. അതായത് ഈ ഇട്ടെറിഞ്ഞു പോകാൻ തോന്നിയ അവഗണനയുണ്ടായപ്പോഴുള്ള വിഷമമുണ്ടല്ലോ, അത് ധാരാളം. കാരണം ഈ സംഗതി തന്നെയാണ് ആക്രമണോത്സുകതയായി മാറുക. അതാണ് അമ്മയുടെയടുത്തെടുക്കുന്നത്. ആൾക്കാരെ മോശക്കാരാക്കിയും അവരോട് ആക്രോശിച്ചുമൊക്കെ ജനപ്രിയ പരിപാടി അവതരിപ്പിക്കുന്നവരുടെ സ്വഭാവം വേണമെങ്കില്‍ അയല്‍പ്പക്കത്തു ചെന്നൊന്നന്വേഷിച്ചുനോക്കൂ.

എ: അപ്പോ, അമ്മയുമായി തല്ലുകൂടുന്ന യോഗ്യത മതിയോ ഇപ്പണിക്ക്.

മൂ: ഇന്നത്തെയവസ്ഥയില്‍ അവാർഡുകൾ ലഭിക്കത്തക്കവണ്ണമുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാൻ അതാണ് വേണ്ട യോഗ്യത. താനെന്തായാലും ഇത്ര ധൈര്യപൂർവ്വം വീട്ടുകാരുടെയൊക്കെ എതിർപ്പിനെ അവഗണിച്ച് മാധ്യമപ്രവർത്തകയാകാൻ ശ്രമിച്ച സ്ഥിതിക്ക് നല്ലൊരു മാധ്യമപ്രവർത്തകയാകാനുള്ള സാധ്യത കാണുന്നുണ്ട്. കുഞ്ഞുന്നാളില്‍ അമ്മയും അച്ഛനും തന്നെ താൻ ആഗ്രഹിച്ചരീതിയില്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

എ: അവർക്ക് തമ്മിലടി കഴിഞ്ഞിട്ട് സമയമുണ്ടായിട്ട് വേണ്ടേ എന്നെ ശ്രദ്ധിക്കാൻ.

മൂ: കുഞ്ഞുന്നാളില്‍ ശ്രദ്ധ കിട്ടാതെ വരുമ്പോൾ കരയും. ആ കരച്ചിലാണ് വലുതാകുമ്പോൾ ദേഷ്യവും സങ്കടവുമൊക്കെയായി മാറുക. ഒരു മാധ്യമപ്രവർത്തകയാകാനുള്ള വേണ്ട അവശ്യം യോഗ്യത അത്യാവശ്യം വെടിപ്പുള്ള മനുഷ്യനാകുക എന്നതാണ്. നമ്മുടെ ഉള്ളില്‍ വൃത്തികേട് നിറയുമ്പോഴേ പുറത്തും മുഴുവൻ വൃത്തികേട് കാണാൻ കഴിയുകയുളളു. ഒന്നുമില്ലെങ്കില്‍ ഈ വൃത്തികേട് ജനത്തെ കാണിക്കുന്ന ആളെങ്കിലും വൃത്തിയായി അവശേഷിക്കാനുള്ള വൃത്തി ഈ ലോകത്തുണ്ടെന്നു കണ്ടാല്‍ തന്നെ ധാരാളം. ഇവിടിപ്പോ താങ്കളുടെ മുന്നിലുള്ള ചോദ്യം വൃത്തിയുള്ള മാധ്യമപ്രവർത്തകയാകണോ അതോ അല്ലാതെയുള്ള മാധ്യമപ്രവർത്തകയാകണോ. അതു നിശ്ചയിക്കുക.

എ: എന്തായാലും വൃത്തികെട്ട മാധ്യമപ്രവർത്തകയാകാൻ താല്‍പ്പര്യമില്ല. ഒന്നുമായില്ലെങ്കില്‍പ്പോലും.

മൂ:എങ്കില്‍ സംഗതി വളരെ എളുപ്പമായി. മാധ്യമപ്രവർത്തനം പക്വമായ മനസ്സോടെ നിർവഹിക്കേണ്ടതാണ്. അപക്വമാകുമ്പോഴാണ് ഒന്നുകില്‍ പൈങ്കിളി, അല്ലെങ്കില്‍ ആരെയെങ്കിലും പഴിചാരി കുറ്റപ്പെടുത്തിക്കൊണ്ടുളള സംഗതി പടയ്ക്കുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരും അറിയാതെ ചെയ്തുപോകുന്നതാണ്. ഇവിടെ തന്നിലെ ശ്രദ്ധ കിട്ടാതെപോയ കുട്ടിയെ ഇനി താൻ ശ്രദ്ധിക്കണം. അതു കരയുമ്പോൾ അതിനോടു കൂടിച്ചേർന്ന്‍ കരയാൻ നില്‍ക്കരുത്. തന്റെ കുട്ടിയാണ് കരയുന്നത് എന്ന്‍ മനസ്സിലാക്കണം. ഏതെങ്കിലും മാഷുമാര് ക്ലാസ്സില്‍ വരുമ്പോൾ എന്ത് പഠിപ്പിക്കുന്നു എന്നതിനേക്കാൾ ശ്രദ്ധ എന്നെ ശ്രദ്ധിക്കുമോ അതോ അവഗണിക്കുമോ എന്നുള്ളതായിരിക്കും. അതുകൊണ്ട് തൊട്ടടുത്തിരിക്കുന്നവരെ മാഷ് ശ്രദ്ധിക്കുന്നതായി തോന്നിയാല്‍ പോലും തനിക്ക് തോന്നുക അത് തന്നെ അവഗണിക്കുന്നു എന്നായിരിക്കും. അത് തന്റെ കുഞ്ഞിന്റെ പ്രശ്‌നമാണ്. അത് സാരമില്ല. ആ കുട്ടിയെ ഒന്ന്‍ ശ്രദ്ധിക്കുക മാത്രമേ വേണ്ടു. അപ്പോൾ ആ കുഞ്ഞു ശാന്തമാകും. കുറേ കഴിയുമ്പോൾ ഈ കുഞ്ഞ് ചിരിച്ചു തുടങ്ങും. നിരന്തരം ശ്രദ്ധയുടെ ഫലമായി. അപ്പോൾ മാഷും അമ്മയും ആരും ശ്രദ്ധിക്കണമെന്ന ആഗ്രഹമുണ്ടാവില്ല. അങ്ങിനെയാകുമ്പോൾ തനിക്കു മനസ്സിലാകും അമ്മയിലും ആ കുഞ്ഞാണ് കിടന്നു കരയുന്നതെന്ന്‍. അത് ചിലപ്പോൾ തന്റെ അച്ഛനോടുള്ള കലഹമായിരിക്കാം. താനുമായുളള ശണ്ഠയായിരിക്കാം. ആ കുഞ്ഞിന്റെ കരച്ചിലിന്റെ തീവ്രത തന്നെപ്പോലെ ആർക്കാണ് മനസ്സിലാക്കാൻ കഴിയുക. അപ്പോൾ അമ്മയോട് ദേഷ്യം തോന്നുന്നതിനും തല്ല് കൂടുന്നതിനും പകരം സ്‌നേഹം തോന്നും. എന്താണവർ അനുഭവിക്കുന്നതെന്ന്‍ മനസ്സിലാകും. വികാരത്തിന്റെ ആ തലം കൊണ്ട് മറ്റുളളവരുടെ അവസ്ഥയെ അറിവാക്കി മാറ്റുന്ന പ്രതിഭാസമാണ് ഇംഗ്ലീഷില്‍ എംപതി എന്നൊക്കെ പറയുന്നത്. ഇട്ടെറിഞ്ഞിട്ടോടാൻ തോന്നിയ ആ മനസ്സുണ്ടല്ലോ,  അതുകൊണ്ട് തോന്നാവുന്നത് സിംപതിയാണ്. അതുവെച്ചാണ് പൈങ്കിളിയും മറ്റ് ക്ഷുദ്രസംഗതികളും സൃഷ്ടിക്കുന്നത്. അതാണു പറഞ്ഞത് ഇട്ടെറിഞ്ഞോടല്‍ വികാരത്തെ താലോലിച്ച് ശ്രദ്ധിച്ച് പരിപാലിപ്പിച്ച് പക്വമാക്കണമെന്ന്‍.

എ: വ്വ് മൂപ്പരേ വ്വ്. എന്നിരുന്നാലും ആദ്യം കേറി ഇങ്ങനെ വീശിക്കളയരുത്. മനുഷ്യര് തല കറങ്ങിവീണുപോകും.

മൂ: പരിഗണിക്കാം. അപ്പോ നല്ല മാധ്യമപ്രവർത്തകയാകാനുള്ള ക്ഷണമാണ് ഈ ഇട്ടെറിഞ്ഞോട്ട വികാരത്തിലൂടെ കിട്ടിയിരിക്കുന്നത്. അതുകൊണ്ട് അതിന് കാരണക്കാരനോ കാരിയോ ആയ ആളോട് ഉള്ളില്‍ സ്‌നേഹപൂർവ്വം നന്ദി പറയാവുന്നതാണ്. തന്റെ വഴിതെളിച്ചുതരികയാണ് അയാൾ ചെയ്തിരിക്കുന്നത്.

എ: മൂപ്പരേ, സംഗതിയിങ്ങനെയൊക്കെയാണെങ്കിലും ഈ കൊച്ചുങ്ങളെ വളർത്തല്‍ അത്ര എളുപ്പമാകുമോ.

മൂ: എളുപ്പമല്ല. വിചാരിച്ചാല്‍ എളുപ്പം. ഒരു കഥയോർമിക്കുന്നത് നല്ലത്. കഥാപുരുഷൻ സ്വാമി വിവേകാണ്. മൂപ്പര് ലക്‌നോവിലെ രണ്ടു മതിലുകൾക്കിടയിലൂടെയുള്ള വഴിയില്‍ നടന്നു പോകുമ്പോൾ അവിടെയുള്ള ഭ്രാന്തൻ കുരങ്ങൻമാർ അദ്ദേഹത്തെ ഓടിച്ചു. അദ്ദേഹം ആഞ്ഞുവലിച്ചോടി. ചില കുരങ്ങന്മാർ ദേഹത്ത് തട്ടുകയും ചെയ്തു. അപകടകാരികളാണ് അവർ. അപ്പോൾ ദൂരെനിന്ന് ഇതു കണ്ട ഒരാൾ വിളിച്ചുപറഞ്ഞു, 'അവറ്റകളെ നേരിടുക. അല്ലെങ്കില്‍ അവറ്റകൾ നിങ്ങളുടെ കഥ കഴിക്കും'. സ്വാമി വിവേകാനന്ദൻ അതു കേട്ടമാത്രയില്‍ പെട്ടെന്ന് ഓട്ടം നിർത്തി തിരിഞ്ഞ് അവർക്കുനേരേ നിന്നു. അതോടെ ആ കുരങ്ങൻമാർ വന്ന വേഗതയില്‍ തിരിഞ്ഞോടി സ്ഥലം കാലിയാക്കി. ഒന്നു നോക്കൂ, എന്തെലാം ഭ്രാന്തൻ കുരങ്ങന്മാരാ പിന്നാലെ മിക്കപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്.  'ഞാൻ  പരിഗണിക്കപ്പെടുന്നില്ലാത്തോന്നല്‍ കുരങ്ങൻ, ഞാൻ മോശക്കാരിയാണെന്ന് പറയുന്ന കുരങ്ങൻ, ഞാൻ ചെറുതായിപ്പോകുമെന്ന് പറയുന്ന കുരങ്ങൻ, അവരുടെ മുന്നില്‍ എനിക്ക് നില്‍ക്കാൻ യോഗ്യതിയില്ലെന്ന് തോന്നുന്ന കുരങ്ങൻ, സ്‌നേഹമില്ലാത്ത അമ്മയെന്ന് തോന്നുന്ന കുരങ്ങൻ, അമ്മയും അച്ഛനും തമ്മിലടിക്കുന്ന ചിത്രക്കുരങ്ങൻ, എന്നെ ആർക്കും ഇഷ്ടമല്ലെന്ന് തോന്നുന്ന കുരങ്ങൻ' ഇങ്ങനെ തന്റെ പിന്നാലെ ഓടുന്ന എണ്ണമറ്റ ഭ്രാന്തൻ കുരങ്ങന്മാരുണ്ട്. അവരോടിക്കുമ്പോൾ താൻ ഓടാൻ നിന്നാല്‍ തന്റെ കഥ കഴിഞ്ഞതു തന്നെ. സമൂഹത്തിലെ അസ്വസ്ഥ സാന്നിദ്ധ്യമായ മാധ്യമപ്രവർത്തകയും സ്ത്രീയുമായും താൻ മാറും. സംശയമില്ല. ഈ കുരങ്ങന്മാരെ നേരിട്ടാല്‍ അവറ്റകൾ അവരുടെ പാട്ടിനു പൊയ്‌ക്കൊള്ളും. സംഗതി എളുപ്പമാണ്. പക്ഷേ നോക്കണം. അതിരിക്കട്ടെ, ഇനി ഇട്ടെറിഞ്ഞോടാൻ തോന്നുന്നുണ്ടോ.

എ: അയ്യോ, പിന്നെ എന്റെ ഇട്ടെറിഞ്ഞോടല്‍ക്കുഞ്ഞിനെ ആരു നോക്കും.

മൂ: ഗുഡ്. അങ്ങിനെ സ്വന്തം കുഞ്ഞിനെ നോക്കാൻ കഴിയുന്നവർക്ക് ചുറ്റുപാടിനേയും ലോകത്തേയും ഒക്കെ നോക്കാനും കാണാനും കഴിയും. ആ കാഴ്ച, താൻ മാധ്യമത്തില്‍ പ്രവർത്തിക്കുകയാണെങ്കില്‍ മറ്റുളളവരുടെ അനുഭവമാകും. വാർത്തയെഴുത്തും അവതരണവുമൊക്കെ പഠിച്ചെടുക്കാൻ ആർക്കും കഴിയും. ഇത്തിരി അഭ്യാസത്തിന്റെ ആവശ്യമേയുള്ളൂ. സർക്കസ്സിലെ കുരങ്ങ് സ്‌കൂട്ടറോടിക്കുന്നതു കണ്ടിട്ടില്ലേ. അതുപോലെ. അപ്പോള്‍ എല്ലാവിധ ആശംസകളും.