ഇത് ജനങ്ങളുടെ വിജയം; നേട്ടങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി

Glint desk
Wed, 16-12-2020 06:55:42 PM ;

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് നേട്ടം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെയും അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ തിരിച്ചടി. ദല്ലാളുമാരും കുപ്രചാരകരും പ്രത്യേക ലക്ഷ്യം വെച്ച് നീങ്ങിയ കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ സംഘടിതമായി നടത്തിയ നുണ പ്രചരണത്തിന് കേരളീയര്‍ ഉചിതമായ മറുപടി നല്‍കി. ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞു. വര്‍ഗ്ഗീയ ശക്തികളുടെ കുത്തിത്തിരിപ്പിനും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

2015ലേതിനേക്കാള്‍ മികച്ച വിജയമാണ് ഇടതുമുന്നണി നേടിയത്. സംശുദ്ധമായ മുന്നണി നില പാലിച്ചാണ് ഗ്രാമപഞ്ചായത്തുകളില്‍ ഇടതുമുണണിയുടെ വിജയം. മുനിസിപ്പാലിറ്റികളില്‍ കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട തദ്ദേശ തെരഞ്ഞെടുപ്പുകളിലും അധികാരത്തിലിരുന്ന മുന്നണി പിറകോട്ട് പോകുകയായിരുന്നെങ്കില്‍ ഇത്തവണ അത് മാറി. ഒറ്റപ്പെട്ട മേഖലയിലല്ല, സംസ്ഥാനത്തൊട്ടാകെയാണ് സമഗ്ര ആധിപത്യം നേടിയത്. ജനങ്ങള്‍ കലവറയില്ലാതെ പിന്തുണ നല്‍കി.

യു.ഡി.എഫിന് ആധിപത്യമുള്ള മേഖലകളില്‍ പോലും തിരിച്ചടിയേറ്റു. നേതാക്കളുടെ നാട്ടിലും പതിറ്റാണ്ടുകളുടെ ചരിത്രമാണ് തിരുത്തിയത്. ഒരിക്കലും കൈവിടില്ലെന്ന് കരുതിയ ഇടങ്ങളില്‍ ജനങ്ങള്‍ പിന്തള്ളിയത് യു.ഡി.എഫിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നത് കൊണ്ടാണ്. പ്രതിസന്ധികളില്‍ ഒന്നിച്ച് നില്‍ക്കുന്നതിന് പകരം പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനുള്ള ശിക്ഷയാണ് യു.ഡി.എഫിന് ലഭിച്ചത്. കേരളത്തിന്റെ മനസ് മതനിരപേക്ഷതയ്ക്ക് ഒപ്പമാണ്. അതിന് എല്‍.ഡി.എഫാണ് ഇവിടെയുള്ളതെന്ന് കേരള ജനത തിരിച്ചറിഞ്ഞു.

Tags: