ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുംവരെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്.വിഴിഞ്ഞത്തെയും പൂന്തുറയിലെയും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുമെന്നും അതിനുശേഷം ധനസാഹയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അവര്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ ദുരിതബാധിതമായ മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മലാ സീതാരാമന് തിരുവനന്തപുരത്തെത്തിയത്. സുനാമി ഉണ്ടായപ്പോള്‍ പോലുമില്ലാത്ത ജാഗ്രതയിലാണ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര മന്ത്രിയോടൊപ്പമുണ്ടായിരുന്ന കേരള മന്ത്രിമാരായ കടകടകംപള്ളി സുരേന്ദ്രന്, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടായെങ്കിലും നിര്‍മലാ സീതാരാമന് ഇടപെട്ട് അവരെ ശാന്തരാക്കി.