ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി സി.പി.എം മാറി. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഇനി സി.പി.എമ്മിന് തുടരാനാകുമോ എന്നതും സംശയമാണ്. കേവലം അധികാര നഷ്ടം എന്നതിലുപരി രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്. ഈ അവസരത്തില്‍ പാര്‍ട്ടിക്ക് മുമ്പിലുള്ളത് രണ്ട് പ്രധാന ചോദ്യങ്ങളാണ്. എങ്ങനെ തുടര്‍ച്ച സാധ്യമാക്കും എന്നതും, ഇനിയും ബി.ജെ.പിയുമായി ചെറുത്ത് നില്‍പ്പ് ഏത് വിധത്തില്‍ തുടരും എന്നതും.
ബി.ജെ.പിക്കെതിരെ പോരാട്ടം നടത്തുന്നതിന് വിശാല ഐക്യം രൂപീകരിച്ച് മുന്നോട്ട് പോകണമെന്ന് ഒരു വശത്ത് പറയുകയും, മറുവശത്ത് കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മ പ്രഖ്യാപിക്കുകയും ചെയ്യുന്ന ശൈലിയില്‍ എന്ത് മാറ്റമാണ് ഈ പശ്ചാത്തലത്തില്‍ ഉണ്ടാകാന്‍ പോകുന്നത്?
അതോ കോണ്‍ഗ്രസാണ് ബി.ജെ.പിക്ക് വിജയം സമ്മാനിക്കുന്നതെന്ന പതിവ് വാദം തുടരുമോ? ഇക്കാര്യത്തില്‍ സി.പി.എം എടുക്കുന്ന നിലപാട് അവരുടെ നിലനില്‍പ്പിനെ നിര്‍ണയിക്കുന്നതാണ്.
സി.പി.എം ക്ഷയിച്ചു എന്ന് വ്യക്തമായിരിക്കുന്നു. ക്ഷയം എന്നത് രോഗാവസ്ഥയാണ്. അതിന് കൃത്യമായ ചികിത്സ അത്യാവശ്യവുമാണ്. ചികിത്സ സാധ്യമാക്കണമെങ്കില്‍ രോഗകാരണം കണ്ടുപിടിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം അവര്‍ നടത്തുമോ എന്നതാണ് പ്രധാനം. അല്ലാത്ത പക്ഷം കേരളത്തിലേക്കും രോഗവ്യാപനം ഉണ്ടാകും. 'ഇന്നലെ ബംഗാള്‍ ഇന്ന് ത്രിപുര നാളെ കേരളം' എന്നാണ് ബി.ജെ.പി നേതാക്കള്‍ ത്രിപുര ഫലത്തിന് പിന്നാലെ പ്രഖ്യാപിച്ചിരിക്കുന്നത്.
രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം, അസാധ്യമായതെന്ന് അടിവരയിട്ട കാര്യങ്ങള്‍ പോലും. അതാണല്ലോ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല എന്ന് പ്രവചനങ്ങള്‍ ഏറെ ഉണ്ടായിട്ടും നേമത്ത് ഒ.രാജഗോപാല്‍ ആധികാരിക വിജയം നേടിയതും, തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയതും. കേരളത്തില്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച നല്‍കിയത് സി.പി.എമ്മിന്റെ നിലപാടുകളും ചെയ്തികളുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഈ സാഹചര്യത്തിലാണ് ഇന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞവാക്കുകള്‍ക്ക് കൂടുതല്‍ മാനം വരുന്നത്. സി.പി.എം കോണ്‍ഗ്രസുമായി ചേരില്ല എന്ന തീരുമാനത്തില്‍ മാറ്റം വരുത്തണമെന്നും, സീതാറാം യെച്ചൂരിയുടെ നിലപാടിനെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നുമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ബി.ജെ.പിയെ നേരിടാന്‍, ആ ചേരല്‍ ദേശീയ തലത്തില്‍ മാത്രം പോരാ കേരളത്തിലും ആവശ്യമാണ് എന്ന വിലയിരുത്തലായി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളെ കാണാം. ഇപ്പോള്‍ ചരിത്രപരമായി തെറ്റുകള്‍ ആവര്‍ത്തിക്കുന്ന സി.പി.എമ്മിന് ആ ഒരു നിലപാട് മാറ്റത്തിലൂടെ ചരിത്രപരമായ ശരിയിലേക്ക് നീങ്ങാനും കഴിഞ്ഞേക്കാം.
ഒരു രോഗത്തെയും അധിക കാലം മറച്ചു വയ്ക്കാനാവില്ല. ഒരു പരിധി കഴിഞ്ഞാല്‍ അത് പുറത്ത് അറിയുക തന്നെ ചെയ്യും. അത് പുറത്ത് അറിഞ്ഞത്തിന് ശേഷവും വേണ്ട ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗിക്ക് മരണം സംഭവിക്കുമെന്ന് ഉറപ്പാണ്. സി.പി.എമ്മിന്റെ കാര്യത്തില്‍ അത് ഉണ്ടാകാതിരിക്കട്ടെ, രോഗം തിരിച്ചറിഞ്ഞ് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കട്ടെ.