കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചു: പ്രതിഷേധവുമായി ഇന്ത്യ

Glint staff
Tue, 26-12-2017 06:33:09 PM ;

 Kulbhushan Yadav

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിവിനെ കാണാനെത്തിയ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചെന്ന് ഇന്ത്യ. യാദവിനോട് മാതൃഭാഷയായ  മറാത്തിയില്‍ സംസാരിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും കൂടിക്കാഴ്ചയ്ക്ക് മുമ്പ് സുരക്ഷയുടെ പേരില്‍ യാദവിന്റെ ഭാര്യയുടെ താലി വരെ ഊരിവയ്പ്പിച്ചെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

 

വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണകളൊക്കെ ലംഘിച്ചു. പാക് മാധ്യമങ്ങളും യാദവിന്റെ കുടുംബത്തെ അപമാനിച്ചു. സന്ദര്‍ശത്തിനായി മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഭാര്യയുടെയും അമ്മയുടെയും ചെരുപ്പ് ഊരിവയ്പ്പിച്ചു, എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍് തിരികെ നല്‍കിയില്ല. സമ്മര്‍ദം നേരിടുന്ന തരത്തിലായിരുന്നു യാദവിന്റെ സംസാരമെന്ന് കുടുംബം പറഞ്ഞതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങിനെ കൂടിക്കാഴ്ചയില്‍ ഉള്‍പ്പെടുത്തുമെന്ന് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.

 

കനത്ത സുരക്ഷയില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം  നീണ്ടു. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കണ്ടത്.

 

Tags: