Skip to main content

oommen chandy and neeraനീര വിപണിയിൽ.  കേരളത്തിൽ നിലവിലുണ്ടായിരുന്ന അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയാണ് നീരയുടെ വിപണീപ്രവേശം. ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: കേരളത്തിൽ വിവാദം മൂലം വികസനത്തിന് തടസ്സമാകുന്നു, സീപ്ലെയിൻ ഉദ്ഘാടനം ചെയ്ത് താൻ നാണം കെട്ടുവെന്ന്. നീര വിപണനം വിവാദമാകാതെ സുഗമമായി മുന്നോട്ടുപോകാൻ വേണ്ടിയാണ് അദ്ദേഹം ഇതു പറഞ്ഞത്. കാരണം യഥാർഥ വിവാദമുണ്ടാകാന്‍ ഇടയുള്ളതാണെന്നും താനും തന്റെ സർക്കാറും ചെയ്യുന്നത് കടുംകൈയ്യാണെന്നും ഉത്തമബോധ്യമുള്ളതിനാലാണ് അദ്ദേഹമതു പറഞ്ഞത്. സരിതക്കേസ്സ് കത്തിനിന്ന സമയത്ത് വളരെ സുഗമമായി നടത്തപ്പെട്ട തീരുമാനവും നിയമ ഭേദഗതിയുമാണ് ഇതിന് വഴിയൊരുക്കിയത്. ലഹരിയിൽ മുങ്ങിയിരിക്കുന്ന കേരളത്തില്‍ ലഹരിപദാർഥ ഉപയോഗത്തിന് മാന്യത നേടിക്കൊടുക്കാനുള്ള  ശ്രമത്തിന്റെ ഉദ്ഘാടനമാണ് 2014 മാർച്ച് 2-ന് കോട്ടയത്ത് നടന്നത്. ഈ മാർച്ച് 2 കേരളചരിത്രത്തിൽ നാളെ ഇടം നേടും. സംശയമുണ്ടാകില്ല. നീര വിപണനത്തിന്റെ പിന്നിലെ മുഖ്യശക്തി നാളികേര വികസന ബോര്‍ഡ് ചെയർമാൻ ടി.കെ ജോസാണ്. ചിന്താശേഷിയില്ലാത്ത രാഷ്ട്രീയ നേതൃത്വത്തെക്കൊണ്ട്  നിക്ഷിപ്ത താൽപ്പര്യങ്ങളുടെ പരോക്ഷവും പ്രത്യക്ഷവുമായ പിൻബലത്തോടെ ചില ഉദ്യോഗസ്ഥർ എടുപ്പിച്ച തീരുമാനങ്ങളുടെ ശവപ്പറമ്പാണ് ഇന്നു കേരളം. ശാസ്ത്രത്തിന്റെ പേരിൽ കൃഷിയെ കുടിയൊഴിപ്പിച്ച് കൃഷിയിടങ്ങൾ ഇല്ലാതായി. കാർഷിക സർവകലാശാലയും  കൃഷിവകുപ്പും മാത്രം അവശേഷിക്കുന്ന അവസ്ഥയായി. മണ്ണ് വിഷലിപ്തം. ക്യാൻസറും കിഡ്നി തകരാറും മറ്റ് മാരകരോഗങ്ങളും എങ്ങും. തെങ്ങിൽ ഗവേഷണം നടത്തി തെങ്ങും ഇല്ലാതാകുന്നു. ഏറ്റവും ഒടുവിലത്തെ പരീക്ഷണം നീര. അതിലൂടെ കേരവും കേരനാട്ടിന്റെ സമൂഹവും ഒരു പരുവത്തിലെത്തും.

 

അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി വിപണിയിലിറക്കിയിരിക്കുന്ന നീരയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളിലേക്കു നോക്കാം. ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തെ വളരെ വിദഗ്ധമായി കീഴ്‌മേൽ മാറ്റിമറിക്കുന്നതിന്റെ ബുദ്ധിപരമായ ശ്രമങ്ങളാണ് അത് സൂചിപ്പിക്കുന്നത്. ഉദാഹരണം മാർച്ച് രണ്ടിന് പത്രങ്ങളിൽ വന്ന പരസ്യം. ഉദ്ഘാടനം വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യത്തിലെ ഏറ്റവും ശ്രദ്ധേയം മഹാത്മാഗാന്ധിയുടെ ചിത്രവും അദ്ദേഹത്തിന്റെ വാചകവും. ഉദ്ഘാടന വേദി  വനിതാ കലാലയം. (ബി.സി.എം. കോളേജ്, കോട്ടയം). ഉദ്ഘാനവേളയിൽ ലൈസൻസ് വിതരണം. അതായത് അബ്കാരി നിയമത്തിലെ മാറ്റം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ അബ്കാരിനിയമം നേർപ്പിച്ചു കൊണ്ട്. തെങ്ങ് ചെത്തിന്  മാന്യതയില്ലായ്മയിൽ നിന്ന് മാന്യത കൽപ്പിച്ച് ചെത്തുകാരെ നീര ടെക്‌നീഷ്യനാക്കിക്കൊണ്ട് സർട്ടിഫിക്കറ്റ് വിതരണം. ഉദ്ഘാടനം മുഖ്യമന്ത്രി. അതും ഖദർധാരി.  മാർച്ച് ഒന്നിന് തലസ്ഥാന നഗരിയിൽ വളരെ അർഥവത്തായ ഒരു പോലീസ് റെയ്ഡ് നടക്കുകയുണ്ടായി . കഞ്ചാവ് ചെടിയുടെ  ഇല പതിച്ച വസ്ത്രങ്ങളും  കഞ്വാവെന്ന് ആംഗലേയത്തിൽ പേര് പതിച്ച പുതുതലമുറ വസ്ത്രങ്ങളും കണ്ടെടുത്തു കൊണ്ട്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന്  പറഞ്ഞുകൊണ്ടാണ് പോലീസ് ആ റെയ്ഡ് നടത്തിയത്.  ആ പോലീസ് നടപടിയെ പോലും ആധാരമാക്കി നോക്കിയാൽ നീരയും അതിന്റെ വിപണനോദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ചിഹ്നങ്ങളും സൃഷ്ടിക്കുന്ന സ്വാധീനം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.  അതിനെക്കുറിച്ചുള്ള  അറിവുകൊണ്ടാണ് മുൻകൂർ ജാമ്യമെടുക്കുന്ന വണ്ണം മുഖ്യമന്ത്രി മറ്റൊരു ചിഹ്നപ്രയോഗമെന്നോണം വിവാദവും വികസനവും പരാമർശിച്ചത്. പുതുതലമുറയുടെ ഇടയിൽ ലഹരിസ്വാധീനം അതിശക്തമായി പടരുന്നു എന്നുള്ളത്  വിപണിസാധ്യതയാണ്. അതുകൂടി മനസ്സിലാക്കിക്കൊണ്ടാവണം ഇതിന്റെ വിപണി ചെറുപ്പാരുടെയിടയിലും വിദ്യാർഥികളുടെ ഇടയിലും വ്യാപിപ്പിക്കാനുള്ള ഭ്രഷ്ടില്ലായ്മ വരുത്താൻ കൂടിയാവണം കലാലയത്തെ ഉദ്ഘാടന വേദിയാക്കിയത്. കാരണം തുടക്കം മുതൽ ചിഹ്നപ്രയോഗങ്ങൾ കാണാൻ കഴിയും. ചെത്ത് മോശമാണെന്ന നല്ല ബോധ്യമുള്ളതിനാലാണ് ചെത്തുകാരന് ടെക്‌നീഷ്യൻ എന്ന നാമകരണം നൽകാനുള്ള തന്ത്രവും പ്രയോഗിച്ചിരിക്കുന്നത്.

 

ഗുരു - പ്രസക്തിയും പ്രയോഗവും

 

കേരളസമൂഹത്തിന്റെ പരിഷ്‌കർത്താവെന്ന് നീര വിപണനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പറയുന്ന ശ്രീ നാരായണ ഗുരു വളരെ ഉച്ചത്തിൽ പറഞ്ഞതാണ്: ചെത്തരുത് കുടിക്കരുത്. നീര വിപണനം ഉദ്ഘാടനം ചെയ്തുകൊണ്ട് വികസനം വിവാദം മൂലം ഇല്ലാതാകുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രിയും  മറ്റ് മന്ത്രിമാരും നിശബ്ദമായി എന്നാൽ അതിശക്തമായി പ്രഖ്യാപിച്ചിരിക്കുന്നു: ചെത്തുക കുടിക്കുക. ഇല്ലെങ്കിൽ കേരളം വികസിക്കില്ല. ഗൾഫ് മരുഭൂമിയാണ് ഇന്ന് കേരളത്തിലെ ഭരണാധികാരികളുടെയും വികസനക്കാരുടേയും മാതൃകയും സ്വപ്നവും. സ്വപ്നം യാഥാർഥ്യമാകും. മരുഭുമിയായി  കേരളം മാറുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത് ഒരു ബാരൽ ക്രൂഡ് ഓയിലിനേക്കാൾ വിലയാണ് ഒരു ബാരൽ നീരയ്‌ക്കെന്നത്. 5800 കോടിയുടെ നീര ഉൽപ്പാദനം നിഷ്പ്രയാസം കേരളത്തിൽ  പ്രതീക്ഷിക്കുന്നു. മരുഭൂമിയിലേക്കാൾ സ്രോതസ്സ് ഇവിടെയുണ്ടെന്നുള്ള കാഴ്ച്ചപ്പാട്. മാർച്ച് രണ്ടിലെ പത്രപ്പരസ്യങ്ങളിൽ ഗാന്ധിജിക്കൊപ്പം ശ്രീ നാരായണ ഗുരുവിനെ ഉൾപ്പെടുത്താതിരുന്നത് വളരെ കൗശലപൂർവ്വം. അതുൾപ്പെടുത്തിയിരുന്നെങ്കിൽ ചിലപ്പോൾ സംഗതി പാളും എന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കറിയാം. ഈഴവസംഗമങ്ങളുടെ  ഫ്‌ളക്‌സ് പരസ്യങ്ങളിൽ ശ്രീ നാരായണ ഗുരുവിന്റെ  ചിത്രം  നേതാക്കന്മാരുടെ  ചിത്രങ്ങൾക്ക് പിന്നിൽ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ നീരയുടെ പരസ്യത്തിലും ശ്രീ നാരായണ ഗുരുവിന്റെ ചിത്രം ഉൾപ്പെടുത്താനും അത് സ്വീകരിക്കപ്പെടാനുമുള്ള സാംസ്‌കാരിക -സാമൂഹ്യ അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. ഗാന്ധിജിയുടെ വാചകം പരസ്യത്തിൽ ഉൾപ്പെടുത്തിയതുപോലെ ഗുരുവിന്റെ ഒരു പരാമർശവും ഉൾപ്പെടുത്തി നീരപ്പരസ്യം തയ്യാറാക്കാവുന്നതാണ്. ഒരു മിശ്രവിവാഹ ദമ്പതികളെ പരിചയപ്പെടുത്തിയ സന്ദർഭത്തിൽ അദ്ദേഹം നർമ്മോക്തിയിൽ പറയുകയുണ്ടായി കള്ളും മീനും നല്ല ചേർച്ചയാണ്. കള്ളും മീനും നല്ല ചേർച്ചയെന്ന ഗുരുവിന്റെ ആ വാചകശകലം വേണമെങ്കിൽ സർക്കാറിന് ഉപയോഗിക്കാവുന്നതാണ്.

 

എത്ര സർട്ടിഫിക്കറ്റ് നൽകിയാലും നാളികേര വികസന ബോർഡ് ചെയർമാൻ ടി.കെ ജോസിന്റെ അതിബുദ്ധി എത്ര പ്രകടിപ്പിച്ചാലും തെങ്ങിന്റെ കൂമ്പ് ചെത്തുന്നവൻ ചെത്തുകാരൻ തന്നെ. ഗുരു കർമ്മങ്ങളെ രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. അധമകർമ്മങ്ങളെന്നും സദ്ക്കർമ്മങ്ങളെന്നും. അതിൽ അധമകർമ്മത്തിൽ പെട്ടതാണ് കുടിക്കാനുള്ള ചെത്ത്. കുമാരനാശാൻ പറഞ്ഞതിന്റെ ആദ്യഭാഗം കൂടി ഓർമ്മിക്കാം. ചെത്തുകാരനെ നാറും. അവന്റെ വീടും നാറും. തുടർന്നദ്ദേഹം പറഞ്ഞതു പറഞ്ഞാൽ ചെത്തുകാരുടെ കുടുംബാംഗങ്ങൾക്ക് വിഷമം ഉണ്ടാവുന്നതാണ്. അതിനാൽ അതുദ്ധരിക്കുന്നില്ല. മാധ്യമങ്ങളെ തന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാനറിയാവുന്ന ടി.കെ ജോസിന്റെ കാർമ്മികത്വത്തിൽ താമസിയാതെ ദൃശ്യ-പത്രമാധ്യമങ്ങളിൽ നീര ടെക്ക്‌നീഷ്യൻമാരുടെ ജോലിയുടെ അന്തസ്സും അവരുടെ കുടുംബാംഗങ്ങളുടെ കാൽപ്പനികതയും വർണ്ണിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ വരും. പൈങ്കിളി മാധ്യമപ്രവർത്തകർ അതിനുമുൻപ് തന്നെ  എഞ്ചിനീയറിംഗും മെഡിസിനും എം.ബി.എയുമൊക്കെ കഴിഞ്ഞ ആരെയെങ്കിലും തപ്പി നീരടെക്‌നീഷ്യൻ പണിയെടുത്ത് ആറക്കശമ്പളമുണ്ടാക്കുന്നതിന്റെ കഥയവതരിപ്പിച്ചേക്കാം. സെഡാൻ കാറിൽ പ്രത്യേക യൂണിഫോമിലൊക്കെ ജോലിക്കു പോകുന്ന നീര ടെക്‌നീഷ്യനെ കാണിച്ച് കൊതിയൂറിപ്പിക്കുന്ന പരിപാടികൾക്ക് കാത്തിരിക്കാം. അതുപോലെ പുതുതലമുറ നീര കുടിച്ചിട്ട് ക്ഷീണമകറ്റി കേരള വികസനത്തിന്റെ ശീതളഛായയിലിരിക്കുന്നതും. എന്തായാലും ഏതു പേര് വിളിച്ചാലും ചെത്തുകാരൻ ചെത്തുകാരൻ തന്നെ.