കര്‍ണ്ണാടകം കോണ്‍ഗ്രസിന് മുന്നറിയിപ്പും നല്‍കുന്നുണ്ട്

Wed, 08-05-2013 11:15:00 AM ;

കര്‍ണ്ണാടക നിയമസഭയിലേക്ക് മെയ്‌ 5ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കോണ്‍ഗ്രസിന് ആശ്വാസം പകരുന്ന ഒന്നാണ്. പ്രവചനങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി കേവല ഭൂരിപക്ഷത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നു. ഏതാനും മാസങ്ങള്‍ക്കകം നടക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുന്നതായിരിക്കും ഈ ജയം.

 

എന്നാല്‍, കര്‍ണ്ണാടകം നല്‍കുന്ന രാഷ്ട്രീയ മുന്നറിയിപ്പ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നല്ല സൂചനയല്ല. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള പിന്തുണയായി കാണുന്നത് അല്‍പ്പം കടന്ന കൈയായിരിക്കും. സംസ്ഥാനം ഭരിച്ച ബി.ജെ.പി. സര്‍ക്കാരിനെതിരെയുള്ള നിഷേധ വോട്ടുകള്‍ ആണ് കോണ്‍ഗ്രസിനെ സഹായിച്ചതെന്ന് കാണാം. കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാറിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ ബാധ്യതയായി മാറുകയായിരുന്നു ബി.എസ്. യെദ്ദ്യൂരപ്പ നയിച്ച കര്‍ണ്ണാടക സര്‍ക്കാര്‍. ആദ്യം ബെല്ലാരിയിലെ  റെഡ്ഡി സഹോദരരുടെ ഖനന സാമ്രാജ്യവും പിന്നീട് മുഖ്യമന്ത്രി യെദ്യൂരപ്പ തന്നെ ഉള്‍പ്പെട്ട അഴിമതിയും തുടര്‍ന്ന്‍ നടന്ന അധികാര വടംവലിയും പിളര്‍പ്പുമെല്ലാം ബി.ജെ.പിയുടെ പരാജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ദക്ഷിണേന്ത്യയില്‍ അധികാരത്തിലെത്തിയ ആദ്യ സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തില്‍ മൂന്ന്‍ മുഖ്യമന്ത്രിമാരെ കൊണ്ടുവന്നതിലൂടെ  രാഷ്ട്രീയ സ്ഥിരത എന്ന ബി.ജെ.പി. മുദ്രാവാക്യവും പൊളിയുകയായിരുന്നു. മുമ്പ് കോണ്‍ഗ്രസും ജനതാദളും തമ്മിലുള്ള അസ്ഥിര സഖ്യങ്ങള്‍ കണ്ടിട്ടുള്ള കര്‍ണ്ണാടകത്തില്‍ ബി.ജെ.പിയുടെ ഈ രാഷ്ട്രീയ പരാജയവും കോണ്‍ഗ്രസിന് അനുകൂലമായി.

 

1980 കള്‍ മുതലുള്ള കര്‍ണ്ണാടകത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ കോണ്‍ഗ്രസിന് ദു:സ്സൂചനയാണ് നല്‍കുക. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന അവസ്ഥയാണ് ഇതുവരെ കണ്ടിട്ടുള്ളത്. കര്‍ണാടകത്തില്‍ തെളിഞ്ഞത് രാഷ്ട്രത്തിന്റെ മനസാണെങ്കില്‍ ഇത്തവണയും സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. അഴിമതി സംസ്ഥാനത്ത് ബി.ജെ.പി. സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചെങ്കില്‍ കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാറിന്  തങ്ങളുടെ വിധി ഇപ്പോള്‍ തന്നെ ഏറെക്കുറെ ഉറപ്പിക്കാം. വോട്ടവകാശവുമായി പോളിംഗ് ബൂത്തിലെത്തുന്ന ഓരോ വ്യക്തിയും ജനം എന്ന പരമാധികാര സംവിധാനമായി മാറുന്നു എന്ന പ്രാഥമികമായ ജനാധിപത്യ ബോധ്യം മറക്കുന്ന ഭരണാധികാരികളെ അത് ഓര്‍മിപ്പിക്കാന്‍ ഇന്ത്യന്‍ ജനത മടി കാണിച്ചിട്ടില്ല.

 

ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ സാധ്യതകള്‍ കാണുന്ന ഒരാളുണ്ടെങ്കില്‍ അത് നരേന്ദ്ര മോഡിയായിരിക്കും. മോഡി പ്രതിച്ഛായയുടെ പ്രധാനമായൊരു ഘടകം അഴിമതി വിരുദ്ധതയാണ്. മോഡിയുടെ ചില നടപടികളെങ്കിലും സുതാര്യമല്ലാത്ത രീതിയില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും. മാത്രമല്ല പ്രതിച്ഛായയിലെ മറ്റൊരു ഘടകമായ വികസനം രാജ്യത്ത് പിന്തുടരുന്ന നവ ഉദാരനയങ്ങളെ തീവ്രമായി പിന്‍പറ്റുന്നവയാണ്. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ വികസന സങ്കല്‍പ്പങ്ങളേയും അഴിമതി വിരുദ്ധതയേയും തന്നിലേക്ക് പ്രതീകവല്‍ക്കരിക്കുകയാണ് മോഡി ഇവിടെ. അഴിമതിക്കെതിരെയുള്ള വികാരത്തിന്റെ രാഷ്ട്രീയ ശക്തി വ്യക്തമാക്കുന്ന ഈ ജനവിധി മോഡിക്ക് ബി.ജെ.പിക്കകത്ത് കരുത്തു പകരുമെന്ന് തീര്‍ച്ച.

Tags: