അരിയില്‍ ഷൂക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, ടി.വി.രാജേഷ് എം.എല്‍.എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷൂക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, സി.ബി.ഐ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി. ജയരാജനും ടി.വി. രാജേഷും ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ഹര്‍ജിയില്‍ നാളെയും വാദം തുടരും.
തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ 2012 ഫിബ്രവരി 20-നാണ് കൊല്ലപ്പെട്ടത്.