വെള്ളക്കരം വര്‍ധനയില്‍ നേരിയ ഇളവ്; വീണ്ടും അധിക നികുതി നിര്‍ദ്ദേശങ്ങള്‍

Wed, 24-09-2014 02:11:00 PM ;
തിരുവനന്തപുരം

luxury tax

 

സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക നികുതി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം ബുധനാഴ്ച അംഗീകരിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചതിന് പുറമേ ഏതാനും അധിക നികുതി നിര്‍ദ്ദേശങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വെള്ളക്കരം വര്‍ധനയില്‍ നേരിയ ഇളവ് നല്‍കി.

 

ആഡംബര വീടുകള്‍ക്കും വാഹനങ്ങള്‍ക്കുമാണ് അധികമായി നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കും 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ഫ്ലാറ്റുകള്‍ക്കുമാണ് അധിക നികുതി ഈടാക്കുക. 20 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്കും കൂടുതല്‍ നികുതി നല്‍കേണ്ടിവരും.

 

പ്രതിമാസം 15,000 ലിറ്റര്‍ വരെ ജലം ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന്‍ ഒഴിവാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവരെ വര്‍ധനയില്‍ നിന്ന്‍ ഒഴിവാക്കണമെന്ന് കെ.പി.സി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടപടി ഏകദേശം എട്ടുലക്ഷം പേര്‍ക്ക് ഗുണകരമാകുമെന്ന് കണക്കാക്കുന്നു. 10,000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വര്‍ധന പ്രഖ്യാപിച്ചിരുന്നത്.  

 

സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തിദിനങ്ങള്‍ നിലവിലെ ആഴ്ചയിലെ ആറില്‍ നിന്ന്‍ അഞ്ചായി കുറയ്ക്കണമെന്ന നിര്‍ദ്ദേശം മന്ത്രിസഭ സ്വീകരിച്ചില്ല. ടാക്സി നിരക്ക് വര്‍ധന സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തില്ല. ഇന്ന്‍ അര്‍ദ്ധരാത്രി മുതല്‍ ആട്ടോറിക്ഷാ-കാര്‍ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളികളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.    

Tags: